കാസര്‍കോട്: നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ മേല്‍പ്പാലം നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ ഈമാസം 18 മുതല്‍ അനിശ്ചിതകാല ജനകീയ സത്യഗ്രഹം ആംഭിക്കും. അതേ സമയം എം.പിയുടെ സത്യാഗ്രഹത്തെ രൂക്ഷമായി വിമര്‍ശിച്ച്് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. ചര്‍ച്ചയില്‍ കമന്റിടുന്നവരില്‍ ഏറെയും സി.പി.എം അനുഭാവികള്‍. ഇതുവരെ എം.പിയുടെ വായില്‍ പഴമായിരുന്നോ, പത്തു പതിനാലാണ്ടു കാലം കുംഭകര്‍ണ്ണനെപ്പോലും വെല്ലുന്ന നീണ്ട ഉറക്കത്തിലായിരുന്ന മഹാനായ എം.പിക്ക് അവസാനകാലത്തെങ്കിലും ബോധോദയമുണ്ടായതില്‍ ആശ്വസിക്കാം നമുക്ക്, ഇലക്ഷനില്‍ ഭൂരിപക്ഷം കുറഞ്ഞു ഇതുകാരണമാണ്….., ഫേസ്ബുക്കില്‍ കമന്റുകള്‍ ഇങ്ങനെ നീങ്ങുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയിലുള്ള ഇടപെടലിലൂടെ, മണ്ഡലത്തില്‍ നിരവധി റെയില്‍വേ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞെങ്കിലും ദേശീയപാതയിലെ പ്രധാന മേല്‍പ്പാലം എന്ന നിലയില്‍ പള്ളിക്കര മേല്‍പ്പാലം യാഥാര്‍ഥ്യമാക്കാത്തതിനാല്‍ ജനങ്ങള്‍ വലിയ യാത്രാദുരിതം അനുഭവിക്കുകയാണെന്ന് എം.പി തന്നെ പ്രസ്താവനയില്‍ പറയുന്നുണ്ട്. മേല്‍പ്പാലം നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിയിലുള്‍പ്പെടുത്തി 40 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ദേശീയപാത ആറുവരി പാതയാക്കാനുള്ള തീരുമാനം വന്നതിനെ തുടര്‍ന്ന് സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മേല്‍പ്പാലം നിര്‍മാണം ആരംഭിക്കാത്ത സ്ഥിതിയാണുള്ളത്. വിഷയത്തില്‍ ഔദ്യോഗികമായ ഇടപെടലിനൊപ്പം ജനകീയ സമ്മര്‍ദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സത്യഗ്രഹമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. 2002 മുതലാണ് പാലത്തിനായുള്ള മുറവിളി തുടങ്ങിയത്.
നാലുവരി മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും തയ്യാറായിട്ടുണ്ട്. അതിനാവശ്യമായ സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്. പാലത്തിനായി ചൈതന്യ കണ്‍സള്‍ട്ടന്‍സി തയ്യാറായി വിശദമായ പദ്ധതിരേഖ(ഡി.പി.ആര്‍.)യും അടങ്കലും റെയില്‍വേയും എന്‍.എ.എച്ച്.ഐ.യും അംഗീകരിച്ചിട്ടുണ്ട്. എല്ലാം പൂര്‍ത്തിയായിട്ടും എന്താണ് പാലനിര്‍മാണത്തിന് സാങ്കേതിക തടസമെന്ന് ഇനിയും വ്യക്തമല്ല. ദേശീയ പാതയിലെ ഗതാഗത കുരുക്കുകാരണം ഇപ്പോള്‍ ഒരുമണിക്കൂറോളം വൈകിയാണ് യാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. ഈ പ്രശ്‌നത്തില്‍ സി.പി.എം കാരടക്കം എം.പിക്കെതിരേയാണ്. എന്നാല്‍ 14 വര്‍ഷത്തിന് ശേഷം എന്തിനാണ് ഇങ്ങനെയൊരു സമരം നടത്തുന്നതെന്തിനാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
