കാസര്‍കോട്: ദേലംപാടി ഗ്രാമ പഞ്ചായത്ത് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. നിര്‍മാണ പ്രവര്‍ത്തി ഈമാസം 12മുതല്‍ ആരംഭിക്കുകയാണ്. അപകടാവസ്ഥയിലായ പള്ളത്തൂര്‍ പാലത്തിന് പകരമായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ നവംബറില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചിരുന്നു. ദേലംപാടിയെ കര്‍ണാടകത്തിലെ ഈശ്വരമംഗലവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. കൈവരികളില്ലാത്ത നിലവിലുള്ള പാലം മഴക്കാലത്ത് വെള്ളം നിറഞ്ഞുകവിഞ്ഞ് വഴികാണുവാന്‍ കഴിയാത്ത രീതിയില്‍ അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ മരിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മഴക്കാലത്ത് ഈ പാലത്തില്‍ അപകടത്തില്‍പ്പെട്ട് എ എസ് ഐ മരിച്ചിരുന്നു. കെ കുഞ്ഞിരാമന്‍ എം.എല്‍.എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു.
7.58 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. രണ്ടുവരി ഗതാഗതത്തിന് സൗകര്യമാകുംവിധം ഏഴര മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. വശങ്ങളില്‍ നടപ്പാതയുമുണ്ടാകും. പളളത്തുംപാറ -അടൂര്‍ -പാണ്ടി റോഡിലുളള പളളത്തൂര്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ വഴിയില്‍ കൂടിയുളള വാഹന ഗതാഗതത്തിന് ഈ മാസം 12 മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സി.എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ ഗ്വളിമുഖ-കറന്നൂര്‍-പഞ്ചോടി റോഡ് വഴി പോകണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പളളത്തൂര്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നു; ഈമാസം 12 മുതല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പെടുത്തി