
കൊല്ലം: ഗുണ്ടകളുടെ മര്‍ദനത്തിനെതിരെ പരാതി നല്‍കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് സ്റ്റേഷനും പരിസരവും വൃത്തിയാക്കിച്ചതായി പരാതി. കൊല്ലം അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഗുണ്ടാസംഘം ഇതരസംസ്ഥാന തൊഴിലാളികളെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെതിരെ തൊഴിലാളികള്‍ അഞ്ചല്‍ പോലിസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ പോലീസ് കേസ് എടുത്തിരുന്നില്ല. കേസ് എടുക്കാത്തതിൻ്റെ കാരണം തേടി അടുത്തദിവസം രാവിലെ തൊഴിലാളികള്‍ പോലീസ് സ്‌റ്റേഷനിലെത്തി. ഇതോടെയാണ് പോലീസിൻ്റെ തനി നിറം തൊഴിലാളികൾക്ക് മനസ്സിലായത്.

പരാതിക്കാരായ തൊഴിലാളികളെ കൊണ്ട് രാവിലെ മുതല്‍ വൈകുന്നേരം വരെ സ്റ്റേഷനും പരിസരവും വൃത്തിയാക്കിക്കുകയായിരുന്നു. പോലീസ് പറഞ്ഞത് പോലെ അനുസരിച്ച തൊഴിലാളികൾ വൈകുന്നേരം കൂലി ചോദിച്ചപ്പോൾ പോലീസ് ഭീഷണിപ്പെടുത്തി എന്നാണ് തൊഴിലാളികൾ പറയുന്നത്. അഞ്ചല്‍ പോലീസിൻ്റെ നടപടിക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
