കൊച്ചി: സീരിയല്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന ‘പരസ്പര’ത്തിലെ ദീപ്തി ഐ.പി.എസായ ഗായത്രി അരുണ്‍ സിനിമയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നു. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെയാണ് ഗായത്രിയുടെ സിനിമാ അരങ്ങേറ്റം. മലയാളി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് ചാനലിലെ ‘പരസ്പരം’ എന്ന സീരിയലിലേതുപോലെ ഒരു പോലീസ് വേഷം തന്നെയാണ് ആദ്യ സിനിമയിലും ഗായത്രിയ്ക്ക് ലഭിച്ചത്. ചന്ദ്ര ശിവകുമാര്‍ എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ഗായത്രി ചെയ്യുന്നത്.

സിനിമയില്‍ നിന്നും മുന്‍പും നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും എന്നാല്‍ സീരിയല്‍ ഷെഡ്യൂള്‍ ഡേറ്റുമായി യോജിച്ചുപോകാത്തതുകൊണ്ടാണ് പല അവസരങ്ങളും ഉപേക്ഷിച്ചതെന്നും ഗായത്രി പറഞ്ഞു. പല ചിത്രത്തിലും പ്രധാനറോള്‍ ചെയ്യേണ്ട ഓഫറാണ് വന്നത്. 30 ദിവസത്തോളം ഡേറ്റ് നല്‍കേണ്ടി വരും. അപ്പോള്‍ സീരിയല്‍ ഡേറ്റുമായി ക്ലാഷുവന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍ പുതിയ ചിത്രത്തില്‍ ചുരുക്കം ചില ദിവസങ്ങള്‍ മാത്രം മതി. അതുകൊണ്ടാണ് ചെയ്യാന്‍ തീരുമാനിച്ചത്. എന്റെ ഷെഡ്യൂളിനൊത്ത് ദിവസം ക്രമീകരിക്കാന്‍ അവരും തയ്യാറായിരുന്നുവെന്ന് ഗായത്രി പറഞ്ഞു. അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിതാര തുടങ്ങിയവരും ഈ പുത്തന്‍ ചിത്രത്തിലുണ്ട്.