
കണ്ണൂര്‍: സിനിമ ഓഡിഷനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യന്നുരിലെ ഒരു ബാര്‍ ഹോട്ടലില്‍ ശനിയാഴ്ച യാണ് സംഭവം. ഹോട്ടലില്‍ എത്തിയ യുവതികളില്‍ ഒരാളെ സിനിമയുടെ ആര്‍ട്ട് ഡയറക്ടറാണെന്നും അവസരമൊരുക്കാമെന്നും പറഞ്ഞ് ജീവനക്കാരന്‍ കയറി പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. വിവരമറിഞ്ഞ ഉടൻ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

ബാര്‍ ഹോട്ടലില്‍ ഒരു സിനിമയുടെ ഓഡിഷൻ നടന്നുവരികയായിരുന്നു. ഇതിനായി കൂട്ടുകാരികൾക്കൊപ്പം ഹോട്ടലിലെത്തിയതായിരുന്നു യുവതി. അതേസമയം യുവതികള്‍ക്കായി ഓഡിഷന്‍ നടത്തുന്ന വിവരം സിനിമയുടെ അണിയറ പ്രവർത്തകർ പോലീസിൽ മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നാണ് വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രമേശൻ എന്ന യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടയ്ക്കിടെ ഈ ഹോട്ടലില്‍ സിനിമകളുടെ ഓഡിഷന്‍ നടക്കാറുണ്ടെന്നാണ് വിവരം. ബാര്‍ ഹോട്ടലായതിനാൽ തന്നെ മറ്റു വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.
