പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകൻ്റെ മൃതദേഹം കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകൻ്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകൻ്റെ മൃതദേഹം കണ്ടെത്തി. രണ്ടുദിവസമായി നടത്തിയ തിരച്ചലിനൊടുവില്‍ മൂന്നു കിലോ മീറ്റര്‍ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിനെ (62) പയസ്വിനി പുഴയില്‍ വ്യാഴാഴ്ച വൈകിട്ടാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ടു വരെ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ചെനിയപ്പയെ കണ്ടെത്താനായിരുന്നില്ല. ചനിയപ്പയെ കണ്ടെത്താന്‍ ശനിയാഴ്ചയും പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ കുണ്ടാര്‍ ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ മൃതദേഹം ഒഴുകിപ്പോവുന്നത് കണ്ട് നാട്ടുകാര്‍ കരക്കെത്തിച്ചു. തുടര്‍ന്ന് ആദൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ പുഴയില്‍ വലിയ കുത്തൊഴുക്കാണുള്ളത്. ഇത് തിരച്ചലിനെയും ബാധിച്ചിരുന്നു. ചനിയപ്പ നായിക്ക് വ്യാഴാഴ്ച വൈകിട്ട് പുഴകടന്നാണ് സാധനങ്ങള്‍ വാങ്ങാനായി ഗാളിമുഖ ടൗണിലേക്ക് പോയത്. കടയിലേക്ക് പോകുമ്പോള്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. തിരിച്ചുവരുമ്പോള്‍ വെള്ളം കൂടിയതാണ് ഒഴുകിപ്പോകാന്‍ കാരണം. കടയില്‍ പോയ ചനിയപ്പ നായിക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്.

0Shares