
തിരുവനന്തപുരം: പത്ത് ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ.പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു പരാതിയും പറയാത്തവര്‍ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മീണ പറഞ്ഞു.

ഊതിപെരുപ്പിച്ച അടിസ്ഥാന രഹിതമായ കണക്കാണിത്. അവിശ്വസനീയമായ ആക്ഷേപം മാത്രമാണിത്. അന്തിമ പട്ടിക പ്രസിദ്ധികരിക്കുന്നത് വൈകിപ്പിച്ചുവെന്ന വാദവും തെറ്റാണ്. വിപുലമായ പ്രചാരണം നടത്തിയും സുതാര്യമായ രീതിയിലുമാണ് പട്ടിക പുതുക്കിയത്.
2018 മെയിലാണ് പട്ടിക പുതുക്കുന്ന നടപടികള്‍ തുടങ്ങിയത്.ആഗസ്റ്റ് മുതല്‍ 5 മാസത്തിലേറെ പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യ പ്രകാരം കൂടുതല്‍ അവസരങ്ങള്‍ നല്‍കി ‘ ജനുവരിയില്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 11 ലക്ഷം പേരെ പുതുതായി ഉള്‍പ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.
