പത്തുരൂപയുടെ നാണയങ്ങള്‍ക്ക് നിരോധനമെന്ന വ്യാജ പ്രചരണം കാസര്‍കോട്ടും; ആശങ്ക അകറ്റണമെന്ന് ജനങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing പത്തുരൂപയുടെ നാണയങ്ങള്‍ക്ക് നിരോധനമെന്ന വ്യാജ പ്രചരണം കാസര്‍കോട്ടും; ആശങ്ക അകറ്റണമെന്ന് ജനങ്ങള്‍

കാസര്‍കോട്: പത്തുരൂപയുടെ നാണയങ്ങള്‍ക്ക് നിരോധനമെന്ന രീതിയില്‍ വ്യാജപ്രചരണം കാസര്‍കോട്ടും സജീവമായി. ഇതുകാരണം പത്തുരൂപ നാണയത്തുട്ടുകളുടെ വിനിമയം പ്രതിസന്ധിയിലായി. വ്യാപാരികളാണ് ഇത്തരത്തില്‍ പ്രചരണം നടത്തി ജനങ്ങളെ ആശയകുഴപ്പത്തിലാക്കുന്നത്. വിനിമയ യോഗ്യമല്ലെന്ന നിലയില്‍ പറഞ്ഞു പ്രചരിച്ച തെറ്റിദ്ധാരണയാണു നാണയത്തിനു രഹസ്യ വിലക്കായി മാറിയിരിക്കുന്നത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ കടകളിലും ഹോട്ടലുകളിലും നാണയം ഇപ്പോള്‍ സ്വീകരിക്കുന്നില്ല. അതുപോലെ നഗരത്തിലെ പല കടകളിലും പെട്രോള്‍ പമ്പുകളിലും സ്വകാര്യബസുകളിലും ഉള്‍പ്പെടെ പലയിടത്തും 10 രൂപയുടെ നാണയം കൊടുത്താല്‍ സ്വീകരിക്കുന്നില്ല. ഇതിനു വ്യക്തമായ കാര്യകാര്യകാരണങ്ങളൊന്നും ഇല്ലെന്നിരിക്കെ, ഈ നാണയം വിനിമയം ചെയ്യുമ്പോള്‍ പലരും സ്വീകരിക്കുന്നില്ലെന്നു മാത്രമാണ് ഇവരുടെ വിശദീകരണം. അതുകൊണ്ട് തന്നെ വിനിമയം ചെയ്യാന്‍ പലരും മടിക്കുന്നു.

നാണയത്തിനു പ്രശ്‌നങ്ങളോ വിലക്കോ ഇല്ലെന്നും ഇതു സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതു നിയമവിരുദ്ധമാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. ബാങ്കുകളില്‍ വിനിമയം നടത്തുന്നതിനും തടസ്സങ്ങളില്ല. പഴയ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു പിറകെയാണു 10 രൂപ നാണയത്തെ കുറിച്ചു തെറ്റിദ്ധാരണ പ്രചരിക്കപ്പെട്ടു തുടങ്ങിയത്. വിനിമയം സുഗമമാക്കാന്‍ നിയമപരമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ നാണയങ്ങള്‍ ജനങ്ങള്‍ക്കു ബാധ്യതയാകാനിടയുണ്ട്. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരേ പോലിസ് നടപടിയെടുക്കാത്തതിനാല്‍ പ്രചരണം ഇപ്പോള്‍ വ്യാപകമാവുകയാണ്.

 

0Shares