
പൂനെ: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു. രക്ഷിക്കാനെത്തിയ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. പെണ്‍കുട്ടിയും പ്രതിയും ഇവിടത്തെ കര്‍ഷകകുടുംബങ്ങളില്‍പ്പെട്ടവരും അകന്ന ബന്ധുക്കളുമാണ്. പെണ്‍കുട്ടിതന്നെയാണ് പോലീസില്‍ നേരിട്ട് പരാതിനല്‍കിയത്. പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി, കുട്ടികളുടെ കോടതി ഉടനടി ജാമ്യം നല്‍കിയിരുന്നു.
അന്നുതന്നെ പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതിയുടെ വീട്ടിലെത്തി, മകള്‍ക്ക് നീതിയുറപ്പാക്കാന്‍ കോടതിയുടെ ആവശ്യം തനിക്കില്ലെന്ന് ഭീഷണി മുഴക്കി. ഇതേത്തുടര്‍ന്ന്, പഠനം നടത്തുന്ന ഇന്‍ദാപുരിലെ ഐ. ടി. ഐ. ഹോസ്റ്റലിലേക്ക് പ്രതി താമസംമാറ്റിയിരുന്നു.
പരീക്ഷ പൂര്‍ത്തിയാക്കി ഹോസ്റ്റലില്‍നിന്ന് യുവാവ് വീട്ടിലെത്തിയ വിവരം അറിഞ്ഞാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മൂര്‍ച്ചയുള്ള ആയുധവുമായി മകളോടൊപ്പം.അവിടെ എത്തിയത്. തടയാനെത്തിയ പ്രതിയുടെ അച്ഛന്റെ മുഖത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ റോഡില്‍ പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
