പണി കിട്ടും; സ്വകാര്യ കോച്ചിങ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതായി ആക്ഷേപം; ഉന്നത വിദ്യാഭ്യാസം എവിടെ..?

  • Post category:news
  • Reading time:1 min read
You are currently viewing പണി കിട്ടും; സ്വകാര്യ കോച്ചിങ് സെന്ററുകള്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതായി ആക്ഷേപം; ഉന്നത വിദ്യാഭ്യാസം എവിടെ..?

പീതാംബരന്‍ കുറ്റിക്കോല്‍

കാസര്‍കോട്: ജോലി ഉറപ്പു നല്‍കുന്ന വാഗ്ദാനങ്ങളുമായി ജില്ലയുടെ വിവിധയിടങ്ങളില്‍ കൂണുകള്‍ പോലെ ആരംഭിച്ച വിദൂര വിദ്യാഭ്യാസ, സ്വകാര്യ കോച്ചിങ് സെന്ററുകളും, കോളേജുകളും വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നതായി പരാതി. യാതൊരു നിയമസാധുതകളും ഇല്ലാത്ത സെന്ററുകളില്‍ വന്‍ തുക ഫീസ് നല്‍കി ചേര്‍ന്ന നിരവധിപേര്‍ക്കാണ് ശരിക്കും പണികിട്ടിയത്. യോഗ്യതയുള്ള വിദഗ്ദ്ധരായ അധ്യാപകരോ പരീശീലകരോ ഇല്ലാതെയാണ് കച്ചവട മനോഭാവത്തോടെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വകലാശാലകളുടെയോ, ടെക്‌നിക്കല്‍ ബോര്‍ഡിന്റെയോ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.കേന്ദ്ര- കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയില്‍വേ, എസ്.ബി.ഐ, സിവില്‍ പോലീസ് ഓഫീസര്‍ തുടങ്ങിയ സ്ഥാപനങ്ങളിലുള്ള ഒഴിവുകളടക്കം പരസ്യം ചെയ്താണ് ആളുകളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ വിമാനത്താവളം, കപ്പല്‍, മെഡിക്കല്‍, ഐ.ടി, വിദേശത്ത് എകൗണ്ടിങ്ങ് എന്നീ ജോലികള്‍ ഉറപ്പുനല്‍കുന്ന ചില സ്ഥാപനങ്ങളുമുണ്ട്.എന്നാല്‍ പരസ്യവാചകത്തിലൂടെ ആകൃഷ്ടരായവര്‍ വന്‍ തുക ഫീസ് നല്‍കി ചേരുകയാണ് പതിവെങ്കിലും വിദ്യാര്‍ത്ഥികള്‍ ഏറെ വൈകിയാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിയുന്നത്. ചതിക്കുഴികളില്‍പ്പെട്ടവരില്‍ ചിലര്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്.അതി- വൈദഗ്ദ്യം ആവശ്യമായ തൊഴില്‍ പഠിക്കാന്‍ വിദഗ്ദ്ധരായ പരിശീലകരും ആവശ്യമാണ്. എന്നാല്‍ യോഗ്യതയുള്ള അധ്യാപകരുണ്ടാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധ കോഴ്സുകള്‍ പരിശീലിപ്പിക്കുന്ന പല സെന്ററുകളും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്ന് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനസഹായികളും റഫറന്‍സ് പുസ്തകശാലയും മറ്റും ലഭ്യമാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായും പഠനകേന്ദ്രങ്ങളുണ്ട്. കൂടാതെ പഠനത്തോടൊപ്പം മതപഠനം വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളും ജില്ലയിലുണ്ട്.

0Shares