
പീതാംബരൻ കുറ്റിക്കോൽ
കാസർകോട്: ഭക്തനോട് ‘പണിക്കോയിറ്റേന്ന്..’ ഹാസ്യരീതിയിൽ തെയ്യം ചോദിച്ചത് വടക്കൻ കേരളത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. നേർച്ച നേർന്നതിനെ തുടർന്ന് വീട്ടിൽ മുത്തപ്പൻ തെയ്യം കെട്ടിയാടിയപ്പോൾ ‘വാക്കുരിയാട്ടം’ അഥവാ ‘പട്ടോല’ പറയുന്നതിലാണ് തെയ്യക്കാരൻ ദൈവീകനിന്ദ നടത്തിയതായി വിശ്വാസികൾ ചൂണ്ടിക്കാട്ടിയത്. “പണിയൊന്നും ഇല്ലേ? ഇപ്പൊ പറയുന്ന കാര്യമുണ്ട് … എന്താണ്? …സമൂഹത്തിൽ പറയുന്ന കാര്യമുണ്ട്.. എന്താണ്? പണിക്കോയിറ്റേ..? ഹ ഹാ …മുത്തപ്പൻ മദ്യപാനിയാണ്; കള്ളുകുടിച്ച് പറഞ്ഞതാണേ..” എന്നുള്ള വാക്കുരിയാട്ടമാണ് വിവാദമായത്. പെരുവണ്ണാൻ ആചാരമുള്ള ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് തെയ്യം കെട്ടിയതെന്നും പറയുന്നു.
https://www.facebook.com/channelrbnews/videos/304121833628605/
സമൂഹമാധ്യമങ്ങളിലും മറ്റും തെയ്യത്തിൻ്റെ സംഭാഷണമടങ്ങിയ വീഡിയോ ചിത്രം പ്രചരിച്ചതിനെ തുടർന്ന് ആചാരസ്ഥാനികരും വിവിധ കഴകം നടത്തിപ്പുകാരും തെയ്യക്കാരനെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. തെയ്യത്തിന് പൂർവികർ നിഷ്‌കർഷിച്ചിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ വീഴ്ച്ച വരുത്തിയതിൽ തെയ്യം കുലത്തൊഴിലാക്കിയവരും കലാകാരന്മാരും സംഭവത്തിൽ അമർഷം രേഖപ്പെടുത്തി. ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയിലെ ഒരു സീൻ ഡബ്ബ് മാഷ് ചെയ്ത് കട്ടപ്പയോട് ‘പണിക്കോയിറ്റേന്ന്’ ചോദിച്ചുള്ള കോമഡി സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഈ തമാശയാണ് തെയ്യക്കാരൻ വിശ്വാസസമൂഹത്തിന് മുന്നിൽ പറഞ്ഞത്. പലപ്പോഴും ഇത്തരം സംഭവങ്ങളാണ് തെയ്യങ്ങളുടെ പൊതുസ്വീകാര്യതയ്ക്ക് കരിന്തിരിയാകുന്നത്.
