പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍… വടകരക്കും കോഴിക്കോടിനും ഇടയില്‍ ദേശീയപാതയിലും റെയില്‍പാളത്തിലും ഒരേസമയം അറ്റകുറ്റപ്പണി; ത്രിശങ്കുവിലായത് യാത്രക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍… വടകരക്കും കോഴിക്കോടിനും ഇടയില്‍ ദേശീയപാതയിലും റെയില്‍പാളത്തിലും ഒരേസമയം അറ്റകുറ്റപ്പണി; ത്രിശങ്കുവിലായത് യാത്രക്കാര്‍

കോഴിക്കോട്: ദേശീയപാതയിലും റെയില്‍പാളത്തിലും ഒരേസമയം നടക്കുന്ന അറ്റകുറ്റപ്പണിമൂലം ദീര്‍ഘദൂര യാത്രക്കാരെയും പ്രദേശത്തെ യാത്രക്കാരെയും ഒരേപോലെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ് സര്‍ക്കാരിന്റെ വിധിധ വകുപ്പുകള്‍. വടകരക്കും കോഴിക്കോടിനും ഇടയില്‍ ആണ് ദേശീയ പാതയിലും റെയില്‍ പാളത്തിലും ഒരേസമയം അറ്റകുറ്റപണി നടക്കുന്നത്. വടകരയില്‍ നിന്നും കോഴിക്കോട് ബസ് യാത്രയില്‍ എത്താന്‍ വേണ്ടിയിരുന്നത് നേരത്തെ ഒന്നര മണിക്കൂര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് രണ്ടരമണിക്കൂര്‍ ആയിരിക്കുന്നു. ചില സമയങ്ങളില്‍ അത് നാലുമണിക്കൂര്‍ വരെയാകുന്നു.

ബസ് യാത്രയിലെ സമയനഷ്ടം ഓര്‍ത്തിട്ടാണ് പലരും ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നത്. പക്ഷെ ഇപ്പോള്‍ പഴയ റെയില്‍പാളം മാറ്റിസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തിയാണിപ്പോള്‍ റെയില്‍വേയില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ മണിക്കൂറുകള്‍ ട്രെയിന്‍ പിടിച്ചിടുന്ന സ്ഥിതിയാണുള്ളത്. വടകരയില്‍ 11 മണിക്ക് എത്തുന്ന കോഴിക്കോട് -കണ്ണൂര്‍ പാസഞ്ചര്‍ ഡിസംബര്‍ 20വരെ റദ്ദുചെയ്തിരിക്കുകയും ആണ്. വടകരക്കും കോഴിക്കോടിനും ഇടയിലെ പഴയ റെയില്‍പാളം തീര്‍ത്തും ശോച്യാവസ്ഥയിലായതിനാലാണ് ഇവ മാറ്റിസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

ദേശീയപാതയിലാവട്ടെ,  മൂരാട് പാലത്തിന് സമീപമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. അറ്റകുറ്റപണികള്‍ നടക്കുന്നത് കൂടുതല്‍ ബാധിക്കുന്നത് സ്വകാര്യ ബസുകളെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇതുവഴിയുള്ള ബസ് സര്‍വിസ് നിര്‍ത്തിവെക്കാന്‍ ഉടന്‍ തീരുമാനിക്കുമെന്ന് ബസ് ഒാണേഴ്സ് അസോസിയേഷന്‍ പറയുന്നു. കൂടാതെ ദേശീയ പാതയിലെ പണികള്‍ രാത്രി കാലത്തേക്ക് മാറ്റണം എന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.

0Shares