
ന്യൂസീലാൻഡ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. തുടർന്ന്
കൊടുങ്ങല്ലൂരിലെ കമ്മ്യൂണിറ്റി ഹാളിൽ ആൻസി അലിയുടെ മൃതദേഹം പൊതു ദർശനത്തിന് വെക്കും. പുലർച്ചെ മൂന്നരയോടെയായിരുന്നു ആൻസിയുടെ മൃതദേഹം വിമാനത്താവളത്തിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം ഇന്ന് പതിനൊന്ന് മണിയോടെ ചേരമാൻ ജുമാമസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ആക്രമണ ദിവസം ഭർത്താവ് അബ്ദുൽ നാസറിനൊപ്പം പള്ളിയിലെത്തിയ ആൻസി, ബ്രെന്‍റണ്‍ ടാരന്‍റൻറെ വെടിയേറ്റ് വീഴുകയായിയിരുന്നു. ഭർത്താവ് അബ്ദുൽ നാസർ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.അദ്ദേഹം ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസീലൻഡിലെ കാർഷിക സർവകലാശാല വിദ്യാർത്ഥിനിയായിരുന്ന ആൻസിയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
