
ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ 6 പേര്‍ മരിച്ചു. 50ഓളം പേര്‍ക്കെങ്കിലും വെടിവെപ്പില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലുള്ള അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള പ്രാര്‍ഥനയ്ക്കെത്തിയവര്‍ക്കു നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. സൈനിക വേഷം ധരിച്ചാണ് ആയുധധാരി എത്തിയതെന്ന്‍ ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോമാറ്റിക് ഗണ്ണുമായെത്തിയ ഇയാള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു.

ഈസമയം, ടെസ്റ്റ് പരമ്പരയ്ക്കായി ന്യൂസിലന്‍ഡിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവെപ്പ് നടന്ന സമയത്ത് പള്ളിയുടെ സമീപം ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. പള്ളിയില്‍ ഉണ്ടായ വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി തങ്ങള്‍ രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു.
പ്രശ്നം ഗൗരവമുള്ളത് എന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്ച്ച് പോലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടി.
