
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് (എന്‍. എ. എഫ്എ) ന്റെ രണ്ടാം എഡിഷന്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മഞ്ജുവാര്യര്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. ശനിയാഴ്ച ബ്രോണ്‍കസ് ലേമാന്‍ കോളജിലായിരുന്നു ചടങ്ങുകള്‍. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. നിങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അമേരിക്കന്‍ മലയാളികളില്‍നിന്നും മികച്ച ബഹുമതിയാണു ലഭിച്ചതെന്നും മഞ്ജു പുരസ്ക്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് എനിക്ക് പുരസ്‌കാരം ലഭിച്ചത്. ഈ രണ്ടു പ്രോജക്ടുകളിലും എനിക്കൊപ്പം പരിശ്രമിച്ച എല്ലാവരെയും ഈയവസരത്തില്‍ ഓര്‍ക്കുന്നു. പുരസ്‌കാരം വേട്ടയുടെ സംവിധായകന്‍ രാജേഷ് പിള്ളയ്ക്കു സമര്‍പ്പിക്കുന്നെന്നും മഞ്ജു പറഞ്ഞു.
