വിനോദിനും ഒരു ജീവിതമുണ്ടാകാൻ സഹായ ഹസ്തവുമായി സുമനസുകൾ എത്തി; ജന്മം നൽകിയ അമ്മ വൃക്ക നൽകും

  • Post category:news
  • Reading time:1 min read
You are currently viewing വിനോദിനും ഒരു ജീവിതമുണ്ടാകാൻ  സഹായ ഹസ്തവുമായി സുമനസുകൾ എത്തി; ജന്മം നൽകിയ അമ്മ വൃക്ക നൽകും

കുറ്റിക്കോൽ (കാസർകോട്): ഗൾഫ് ആസ്ഥാനമായ ഷാഡോ സോഷ്യൽ ഫോറത്തിന്‍റെ ബി.വിനോദ്‌കുമാർ ചികിത്സാ സഹായധനം പ്രവർത്തകർ നേരിട്ട് വിനോദ്‌കുമാറിന്‍റെ വീട്ടിലെത്തി കൈമാറി. സന്നദ്ധ -സാമൂഹ്യ സംഘടനകൾ, വ്യാപാരി സംഘടനകൾ, വിവിധ ബേങ്കുകൾ, കുടുംബശ്രീകൾ, സ്വാശ്രയ സംഘങ്ങൾ, ചുമട്ടു തൊഴിലാളി യൂണിയൻ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ, വാട്സ് ആപ്പ് കൂട്ടായ്മകൾ, ക്ലബുകൾ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ സഹായ ഹസ്തങ്ങളുമായി എത്തിയിരുന്നു.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഇരു വൃക്കകളും തകരാറിലായ അറിയപ്പെടുന്ന നാടൻ പാട്ടുകാരനായ പ്രവാസി മലയാളിയാണ് കുറ്റിക്കോൽ കളക്കരയിലെ വിനോദ് കുമാർ. കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരിച്ചതിനെ തുടർന്ന് കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന വിനോദ് ഏറെ കാലമായി ഷാർജയിലായിരുന്നു. ഗുരുതരമായ അസുഖമുള്ള അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് കഴിഞ്ഞവർഷം നാട്ടിലെത്തിയത്. അതിനിടയിലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖം ബാധിച്ചത്.

വിദഗ്‌ധ ചികിത്സ നടത്തിയെങ്കിലും ഫലമില്ലാത്തതിനാൽ വൃക്ക മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചത്. അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമ്മ തന്നെയാണ് വിനോദിന് വൃക്കദാനം ചെയ്യുന്നത്. ചികിത്സയ്ക്കുവേണ്ടി 20 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. 2020 ജനവരി 10ന് വൃക്ക മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിനോദിനെയും കുടുംബത്തെയും സഹായിക്കുന്നതിനായി കെ.കുഞ്ഞിരാമൻ എം.എൽ.എ രക്ഷാധികാരിയായും ടി.ബാലൻ ചെയർമാനായും എ.ദാമോദരൻ മാസ്റ്റർ കൺവീനറായും കമ്മറ്റി രൂപീകരിച്ചു. ചികിത്സയ്ക്കായി കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ബന്തടുക്ക(പടുപ്പ്) ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അമ്മയും ഭാര്യയും രണ്ട് മക്കളും രണ്ട് അനുജൻമാരുമുള്ള ഈ യുവാവിന്‍റെ കുടുംബം സുമനസുകളുടെ സഹായം തേടുന്നു. അക്കൗണ്ട് വിവരങ്ങൾ:

കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക്, ബന്തടുക്ക (പടുപ്പ്) ബ്രാഞ്ച്. A/C No. 150211201020062/ IFSC: IBKL0450TKD
കൂടുതൽ വിവരങ്ങൾക്ക് : ചികിത്സാ സഹായ കമ്മിറ്റി കൺവീനർ, എ. ദാമോദരൻ മാസ്റ്റർ: 9497297325.

0Shares