കോഴിക്കോട്: നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രതിസന്ധി തുടരുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു. പ്ലാസ്റ്റിക് മണി എന്താണെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൊട്ടാരം റോഡിലെ വീട്ടില്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ നോട്ട് പ്രതിസന്ധിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയ എം.ടിക്ക് നേരെ ഉണ്ടായ കടന്നാക്രമണത്തെ അപലപിക്കാനും, അദ്ദേഹത്തെ ഐക്യദാര്‍ഢ്യം അറിയിക്കാനുമാണ് ചെന്നിത്തല എത്തിയത്. ഇതിന് മറുപടിയായിട്ടാണ് എം.ടി നിലപാട് ആവര്‍ത്തിച്ചത്.

നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ എം.ടിയെ കടന്നാക്രമിച്ചത്. ഏറെ വിവാദമായ സംഭവം ബി.ജെ.പിയെ വെട്ടിലാക്കുകയുണ്ടായി. പിന്നീട് സി.കെ പദ്മനാഭനെപ്പോലെ ഒരു വിഭാഗം നേതാക്കള്‍ എ.എന്‍ രാധാകൃഷ്ണനെ തള്ളിപ്പറയുകയും ചെയ്തു. കേരളം ഒന്നടങ്കം എംടിയെ പിന്തുണച്ചു. നോട്ട് പ്രതിസന്ധിയില്‍ തന്റെ നിലപാടിന് മാറ്റമില്ലെന്ന് വീണ്ടും ഒരിക്കല്‍ കൂടി എം.ടി വ്യക്തമാക്കിയിരിക്കുകയാണ്.