
( സ്പെഷ്യല്‍ ഇന്റര്‍വ്യൂ, കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്)
കാസർകോട്: കാസർകോട് ജില്ലയിലെ ചെങ്കള പഞ്ചായത്തിലെ പൈക്ക സാലത്തടുക്കയിലെ റവന്യൂ ഭൂമികയ്യേറിയെന്ന പേരിൽ പാവപ്പെട്ട ഇരുപതോളം കുടുംബങ്ങളെ നോട്ടീസ് പോലും നൽകാതെ അധികൃതർ ഇറക്കിവിടാൻ ഒരുങ്ങുന്നതിനെതിരെയും ഒരു സുപ്രഭാതത്തിൽ അവരുടെ പത്തോളം വീടുകളും ചുമരുകളും വില്ലേജ് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയതിന് എതിരെയും ശക്തമായാണ് സ്ഥലം എം.എൽ.എയായ എന്‍. എ നെല്ലിക്കുന്ന് പ്രതികരിച്ചത്. ചാനൽ ആർ.ബി പ്രതിനിധിക്ക് എന്‍. എ നെല്ലിക്കുന്ന് എം.എൽ എ നൽകിയ അഭിമുഖം.

*താങ്കളുടെ നിയോജക മണ്ഡലത്തിൽ നിയമങ്ങൾ പൂർണ്ണമായി പാലിക്കാതെ നടക്കുന്ന റവന്യൂഭൂമി കയ്യേറ്റം ഒഴിപ്പിക്കലിനെ പറ്റി?
>സാലത്തടുക്കയിലെ ഇരുപതോളം കുടുംബങ്ങൾ റവന്യൂഭൂമി കയ്യേറിയാണ് താമസിക്കുന്നത്. ഇവർ തങ്ങൾക്ക് സ്വന്തമായി ഭൂമി ലഭ്യമാകാൻ വേണ്ട അപേക്ഷയും കാര്യങ്ങളും വില്ലേജ്/ താലൂക്ക് ഓഫീസുകൾ വഴി നൽകിയിട്ടുമുണ്ട്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഇവരെ ഇവിടെ നിന്നും ഇറക്കിവിടാൻ നിയമപരമായ കാര്യങ്ങൾ അധികൃതർ ചെയ്തിട്ടില്ല എന്നാണു വ്യക്തമാകുന്നത്. നിയമാനുശ്രുതം നൽകേണ്ട നോട്ടീസോ മുന്നറിയിപ്പോ ഇവർക്ക് നൽകുകയോ , ഇറങ്ങിയാൽ ഇവർ എങ്ങോട്ടു പോകും എന്നതിനെ സംബന്ധിച്ചുകൊണ്ട് വ്യക്തമായ പകരം സംവിധാനം ആസൂത്രണം ചെയ്യുകയോ ഉണ്ടായിട്ടില്ല.
*ഉന്നത തലത്തിൽ നിന്നുള്ള നിർദ്ദേശം അനുസരിക്കുകയായിരുന്നു വില്ലേജ് ഓഫീസർ എന്നറിയുന്നു. ഉദ്യോഗസ്ഥതലത്തിൽ ഈ കയ്യേറ്റം ഒഴിപ്പിക്കൽ സംഭവിച്ചത് എങ്ങിനെയാണ്?
> ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇവിടെ കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിക്കുന്നത്. പരാതി നൽകിയ ആൾ തെറ്റിദ്ധരിപ്പിച്ചതിനാൽ നടന്ന ഈ നടപടി നിർത്തിവെക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതാണ്.
*റവന്യൂഭൂമി ആയതിനാൽ റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമോ?
>മുൻപ് പറഞ്ഞതുപോലെ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച ഈ കയ്യേറ്റം ഒഴിപ്പിക്കലിൽ റവന്യൂ മന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നാണ് ഞാൻ കരുതുന്നത്. അങ്ങിനെയെങ്കിൽ സമീപിക്കേണ്ടത് റവന്യൂ വകുപ്പിനെയോ മന്ത്രിയെയോ അല്ല, മുഖ്യമന്ത്രിയെ ആണ്. അദ്ദേഹത്തിന് ഈ വിഷയത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
*മുഖ്യമന്ത്രിയുടെ എത്തരത്തിലുള്ള ഇടപെടലാണ് ഈ വിഷയത്തിൽ ഉണ്ടാകുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നത്?
>കേരളത്തിൽ റവന്യൂ ഭൂമി കയ്യേറിയവരിൽ നിന്നും വിവിധ ജില്ലകളിൽ നിലവിൽ ഒഴിപ്പിക്കൽ പ്രക്രിയ നടക്കുന്നുണ്ട്. സർക്കാരിന് വേണ്ടി ഇത് നിർവഹിക്കുന്നത് ഉദ്യോഗസ്ഥരാണ്. എന്നാൽ, നിയമാനുശ്രുതം അല്ലാതെ ഉദ്യോഗസ്ഥർ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കലുകൾ നിർത്തിവെക്കാനും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനും മുഖ്യമന്ത്രി തയാറായിട്ടുണ്ട്. മൂന്നാർ ഉൾപ്പെടെയുള്ള സമാന വിഷയങ്ങളിൽ ഇത് നമ്മൾ കണ്ടതാണ്. ഇത്തരത്തിൽ ശക്തമായ ഇടപെടൽ കാസർകോട് ജില്ലയിലും മുഖ്യമന്ത്രി നടത്തും എന്നാണു കരുതുന്നത്.
*ഇത്തരത്തിൽ ശക്തമായ പ്രതീക്ഷ പുലർത്താൻ തക്കതായ കാരണം താങ്കൾ കാണുന്നുണ്ടോ, ഉണ്ടെങ്കിൽ എന്താണ്?
ഇടുക്കി , മൂന്നാർ, കൊച്ചി എന്നിവിടങ്ങളിൽ വൻകിടആളുകളുടെ കയ്യേറ്റമാണ് നടക്കുന്നതെങ്കിൽ ഇവിടെ സ്ഥിതി വിത്യസ്ഥമാണ്. ഒരുതുണ്ട് ഭൂമിയോ , തല ചായ്ക്കാൻ ഒരു കൂരയോ സ്വന്തമായി ഇല്ലാത്ത പാവപ്പെട്ടവരാണ് ഇവിടെ കുടിയിറക്കപ്പെടുന്നത്. മുഖ്യമന്ത്രി നേരിട്ട് സ്ഥലം സന്ദർശിക്കുകയാണെങ്കിൽ ഇവിടെ നടക്കുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ക്രൂരതയാണ് എന്ന് അദ്ദേഹം പോലും അഭിപ്രായപ്പെടും. ഇത് തന്നെയാണ് മുഖ്യമന്ത്രിയിൽ ഞാൻ അർപ്പിക്കുന്ന പ്രതീക്ഷയും.