
നെല്ലിക്കുന്ന്(കാസർകോട്): നെല്ലിക്കുന്ന് ബീച്ച് റോഡിൽ പി.ഡബ്യു.ഡിയുടെ മെക്കാഡം പ്രവർത്തി പൂർത്തിയായതിന് ശേഷം അപകടം പതിവാകുന്നതായി പരാതി. പ്രധാന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഹംബുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം. നെല്ലിക്കുന്ന് ജംഗ്‌ഷനിൽ 10 മീറ്റർ പരിധിയിലായി ആയിരത്തിൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളും, മുന്നൂറോളം കുട്ടികൾ പഠിക്കുന്ന മദ്റസയും പ്രവർത്തിക്കുന്നുണ്ട്.

വായനശാല, പള്ളി എന്നിവയും ഇതിനോട് ചേർന്നുതന്നെയുണ്ട്. കുട്ടികളടക്കം നിരവധി ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വലിയ ഭീഷണിയാണ് നിലനിൽക്കുന്നത്. റോഡ് മെക്കാഡം ആയതിനാൽ ഈ റോഡിലൂടെ യാതൊരു വേഗത നിയന്ത്രണവുമില്ലാതെ മത്സരിച്ചാണ് വാഹനങ്ങൾ ഓടുന്നത്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. മെക്കാഡം പ്രവൃത്തിക്ക് മുമ്പ് ഈ സ്ഥാലത്ത് ഹംബ് ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. അപകടം തടയുന്നതിനായി ഉടൻ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് നെല്ലിക്കുന്നിലെ ദാറുൽ അമാൻ ഭാരവാഹികൾ പി.ഡബ്യു.ഡി അധികാരികൾക്ക് നിവേദനം നൽകി. പി.ഡബ്യു.ഡി എക്സിക്യൂട്ടിവ് എൻജീനിയർക്കാണ് നിവേദനം നൽകിയത്.
ദാറുൽ അമൻ പ്രസിഡണ്ട് ഹാമി ബീഗം, നെല്ലിക്കുന്ന് ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി ഖാദർ ബി.കെ, അഷ്‌റഫ് ചാപ്പ, ഇബ്രാഹിം ബെൻസർ, റൗഫ് എൻ.എ, ഷുഹൈബ് എൻ.കെ എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു. സമാന ആവശ്യം ഉന്നയിച്ച് കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് പി.ഡബ്യു.ഡി എക്സിക്യൂട്ടിവ് എൻജീനിയർക്ക് കത്ത് നൽകിയിട്ടുണ്ട്.
