ഒടുവില്‍ നെല്ലികുന്നിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഓഡിയോമീറ്ററെത്തി; സഫലമാക്കിയത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനി സംഘടനയായ ഒ.എസ്.എ

  • Post category:news
  • Reading time:2 mins read
You are currently viewing ഒടുവില്‍ നെല്ലികുന്നിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഓഡിയോമീറ്ററെത്തി; സഫലമാക്കിയത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിനി സംഘടനയായ ഒ.എസ്.എ

കാസര്‍കോട്:  ഒടുവില്‍ നെല്ലികുന്നിലെ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഓഡിയോമീറ്ററെത്തി. സാധ്യമാക്കിയത് സ്‌കൂളിലെ പൂര്‍വിദ്യാര്‍ഥിനി സംഘടനയായ ഒ.എസ്.എ ഇടപെടലിലൂടെ. സ്‌കൂളില്‍ വൊക്കേഷണല്‍ കോഴ്‌സ് ആരംഭിച്ച് 22 വര്‍ഷം പിന്നിട്ടിട്ടും അധികൃതര്‍ ഇതുവരെ ഓഡിയോ മീറ്റര്‍ സംവിധാനമൊരുക്കിയിരുന്നില്ല. ഇ.സി.ജി ആന്റ് ഓഡിയോമെട്രിക് ടെക്കനോളജി  കോഴ്‌സാണ് ഇവിടെയുള്ളത്. ഇതിന്റെ പ്രാക്ടിക്കല്‍ പരിശീലനത്തിനായി ഇതുവരെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി സംഘടന ശക്തമായതോടെയാണ് ഇത് സാധ്യമാക്കാന്‍ കഴിഞ്ഞത്. ഓഡിയോ മീറ്റര്‍ കൂടാതെ ഓട്ടോ സ്‌കോപും സ്‌കൂളിന് നല്‍കി. അരലക്ഷത്തോളം വിലവരുന്ന ഉപകരണങ്ങളാണ് സംഭാവനയായി സ്‌കൂളിന് നല്‍കിയത്. സാബിറ അബ്ദുള്‍റഹിം ബങ്കര പ്രസിഡന്റ് ആയി രൂപീകരിച്ച ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ (ഓ.എസ്.എ) ഇരുപത് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആണ് ഉള്ളത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ സമാനമായ മറ്റ് സംഘടനകള്‍ക്ക് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഓ.എസ്.എ കാഴ്ചവെച്ചത്. നെല്ലക്കുന്നു ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ആവശ്യമായ ജലം ശുദ്ധീകരിക്കല്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ക്ലാസ്‌റൂം ജനാലകള്‍, ക്ലാസ് റൂമുകളില്‍ സൗണ്ട് സിസ്റ്റം, വാഷ് ബേസിനുകള്‍, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള പഠനഉപകരണ വിതരണം, ഓഫീസ് ഫയലുകള്‍ സൂക്ഷിക്കാനുള്ള ഷെല്‍ഫ്, ക്ലാസ് റൂമുകളില്‍ കാര്‍പെറ്റ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്താണ് ഈ സംഘടന വ്യത്യസ്തമാകുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ ഉപരിപഠനത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനും , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഓ.എസ്.എ നേതൃത്വം നല്‍കുന്നുണ്ട്. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ ഉന്നത വിജയം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും വിതരണം ചെയ്തിരുന്നു.കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബീഫാത്തിമാ ഇബ്രാഹിം, പ്രിന്‍സിപ്പല്‍മാരായ ബിന്‍സി ടീച്ചര്‍, പ്രസീത ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ കൃഷ്ണന്‍ നമ്പൂതിരി, പി.ടി.എ പ്രസിഡന്റ് നാഗേഷ് തെരുവത്ത്, മദര്‍ പി.ടി.എ പ്രസിഡന്റ് സാബിറ അബ്ദുല്‍ റഹിം ബെങ്കര, പി.ടി.എ ഭാരവാഹികളായ നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബന്നു, റാഷിദ് പൂരണം, ഹാജറ, ദേവരാജ്, വിജയന്‍, ഒ.എസ്.എ ഭാരവാഹികളായ, ഒ.കെ മറിയം, ജുവൈരിയ അഷറഫ്, കമറുന്നിസ കടവത്ത്, റജുല ഷംസുദ്ദീന്‍, മെഹ്‌റുന്നീസ ഹമീദ്, ഫൗസിയ ബങ്കര, കെ സുമയ്യ, ശ്രീജാ കൃഷ്ണന്‍, സാജിദാ അഷറഫ്, ഉമൈമ, സുമയ്യാ ഗഫൂര്‍ സംബന്ധിച്ചു.

 

0Shares