
നീലേശ്വരം: പ്രസിദ്ധമായ നീലേശ്വരം പള്ളിക്കര ശ്രീ സുബ്രഹ്മണ്യൻ കോവിൽ തുലാം സംക്രമ പൂജകൾക്ക് ശേഷം ഇന്ന് ഭക്തിനിർഭരമായ കാവടി സഞ്ചാരത്തിന് തുടക്കമായി. സുബ്രഹ്മണ്യൻ ആരാധനാലയങ്ങളിലെ പ്രധാന വഴിപാടാണ് കാവടി സഞ്ചാരം കാഷായ വസ്ത്രം ധരിച്ച് കാവടി മുദ്ര ധരിച്ച് ഭക്തർ പാൽ കാവടി, വട്ട കാവടി, പീലിക്കാവടി ചുമലിൽ വച്ച് പീലി കെട്ട്, ചൂരൽ കോല് വേലായുധവും കയ്യിലേന്തി ശ്രീകോവിലിനകത്തുള്ള സ്വാമി വിഗ്രഹവും എടുത്തുകൊണ്ടാണ് കഠിനമായ വ്രതാനുഷ്ഠാനങ്ങളോട് കൂടിയ മൂന്ന് മാസത്തെ ദേശസഞ്ചാരം നടത്തുന്നത്.

ശംഖനാദത്തിന്‍റെയും വാദ്യമേളത്തിന്‍റെയും അകമ്പടിയോടെ മുൻ നിശ്ചയിച്ച വീടുകളിൽ താമസിച്ച് ദേശദേശാന്തരങ്ങൾ സഞ്ചരിച്ച് ഭക്തരുടെ വീടുകളിൽ ചെന്നാൽ സുബ്രഹ്മണ്യസ്വാമി നേരിട്ട് വന്ന് അനുഗ്രഹവും ഐശ്വര്യവും നൽകുന്നു എന്നാണ് വിശ്വാസം. മകരമാസത്തിലെ ആണ്ടിയൂട്ട് മഹോത്സവത്തിന് ശേഷം പഴനിമല ദർശനം നടത്തുന്നതോടുകൂടി വ്രതാനുഷ്ഠനങ്ങൾക്ക് പരിസമാപ്തി കുറിക്കും.
