നീയില്ലാതെ ഞങ്ങള്‍ക്കു ഇക്കുറി എന്ത് ഓണം: ആഘോഷം കൃഷ്‌ണേന്ദുവിന്റെ സ്മരണയിലൊതുക്കി സഹപാഠികള്‍

  • Post category:news
  • Reading time:1 min read
You are currently viewing നീയില്ലാതെ ഞങ്ങള്‍ക്കു ഇക്കുറി എന്ത് ഓണം: ആഘോഷം കൃഷ്‌ണേന്ദുവിന്റെ സ്മരണയിലൊതുക്കി സഹപാഠികള്‍

രാജപുരം(കാസര്‍കോട്): കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന കൃഷ്‌ണേന്ദുവിന്റെ വീട്ടില്‍ ഇത്തവണ ഓണമില്ല. അവളുടെ അമ്മയ്ക്ക് ഇത്തവണ കണ്ണീരോണം മാത്രം. മകള്‍ അപകടത്തില്‍ മരിച്ചതോടെ വീട്ടില്‍ ഏകയായി കഴിയുന്ന കൃഷ്‌ണേന്ദുവിന്റ അമ്മയെ ആശ്വസിപ്പിക്കാന്‍ സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും എത്തി. ഇക്കഴിഞ്ഞ ആഗസ്ത് ഒന്നാം തിയ്യതി ആള്‍മറയില്ലാത്ത കിണറില്‍ വീണു മരിച്ച ചുള്ളിയിലെ കൃഷ്‌ണേന്ദു എന്ന പത്താം ക്ലാസുകാരിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ എല്ലാവരും വിതുമ്പി. അബദ്ധത്തിലാണ് പെണ്‍കുട്ടി കിണറ്റില്‍ വീണത്. ഈ വര്‍ഷം സ്‌കൂളില്‍ ഓണാഘോഷ പരിപാടിയൊന്നുമില്ലെന്ന് കുട്ടികള്‍ കൃഷ്‌ണേന്ദുവിന്റെ അമ്മയോട് പറഞ്ഞ് അവരുമായി ദു:ഖം പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം ഓണഘോഷ വേളയില്‍ മാവേലിയെയും വാമനനേയും വരവേല്‍ക്കാന്‍ കൃഷ്‌ണേന്ദു വുണ്ടായിരുന്നത് കൂട്ടുകാര്‍ ഓര്‍ത്തു. കൃഷ്‌ണേന്ദുവിന്റെ സ്മരണയ്ക്കായി വിദ്യാര്‍ത്ഥികള്‍ കൃഷ്‌ണേന്ദുവിന്റെ അമ്മയ്ക്ക് ഛായാചിത്രം സമര്‍പ്പിച്ചു. ചടങ്ങില്‍ കളളാര്‍ പഞ്ചായത്തംഗം ബി രമ, പി.ടി.എ പ്രസിഡന്റ് ബി അബ്ദുള്ള, പ്രിന്‍സിപ്പല്‍ എം മൈമുന, സ്റ്റാഫ് സെക്രട്ടറി സുകുമാരന്‍ പെരിയച്ചൂര്‍, ജഹാംഗീര്‍, സുനേഷ് എബ്രഹാം, ഗ്രേസി ഗോപി, നാരായണന്‍, വിദ്യാര്‍ത്ഥികളായ മുഹമ്മദ് ജുനൈദ്, മേഘമാണി സംബന്ധിച്ചു.

 

0Shares