
ബേഡകം (കാസർകോട്): നീതിയില്ലാത്ത കൊലകൾ രാജ്യത്ത് നടക്കുന്നത് കരുതലോടെ കാണണമെന്ന് ഡി.വൈ. എഫ്. ഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം ജെയ്ക്ക് സി.തോമസ് പറഞ്ഞു. ഭക്ഷണത്തിന്റെ പേരിൽ കൊലചെയ്യപ്പെടുന്ന നൂറുകണക്കിന് മനുഷ്യരാണ് രാജ്യത്ത് ഇക്കാലത്തുള്ളത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും കലാകാരന്മാരെയും കൊന്നൊടുക്കുന്ന കാലമാണിത്. പുതിയ വെല്ലുവിളികളുടെ കാലത്ത് പുതിയ ആശയങ്ങൾ പോരാട്ടങ്ങൾക്ക് വേണ്ടി കണ്ടെത്തണമെന്നും ജെയ്ക്ക് പറഞ്ഞു. ബേഡകം ബ്ലോക്ക് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് ബേത്തൂർപാറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് ദിവീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ജെ സജിത്ത്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.സി പ്രകാശ്, ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.മണികണ്ഠൻ സ്വാഗതം പറഞ്ഞു.
