നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയത് ദൈവാനുഗ്രഹമായി-ഗായിക വൈക്കം വിജയലക്ഷ്മി.

  • Post category:news
  • Reading time:2 mins read
You are currently viewing നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറിയത് ദൈവാനുഗ്രഹമായി-ഗായിക വൈക്കം വിജയലക്ഷ്മി.

കോട്ടയം: ‘സെല്ലുലോയ്ഡ്’ എന്ന സിനിമയിലെ ‘കാറ്റേ കാറ്റേ നീ…’ എന്ന ഒരൊറ്റ പാട്ടിലൂടെ ചലച്ചിത്ര ഗാന രംഗത്ത് ലബ്ധപ്രതിഷ്ഠ നേടിയ ഗായിക വൈക്കം വിജയലക്ഷ്മി ചില പ്രത്യേക സാഹചര്യത്തില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയെങ്കിലും മനക്കരുത്ത് ഒട്ടും ചോര്‍ന്നു പോകാതെ ഇരുട്ടുനിറഞ്ഞ ജീവിതപാതയില്‍ ഉള്‍ക്കണ്ണ് കൊണ്ടുള്ള വിളക്ക് കൊളുത്തുകയാണ്; ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സര്‍ഗാത്മകത കൊണ്ട് സധൈ്യരം നേരിടുകയാണ്. ഗാനാലാപന രംഗത്ത് വരുംകാലങ്ങളില്‍ സജീവമാകാനാണ് ഈ ഗായികയുടെ തീരുമാനം. ചലച്ചിത്ര മേഖലയില്‍ നിന്ന് തന്നെ തേടി നല്ല അവസരങ്ങള്‍ വന്നെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. തൃശൂര്‍ സ്വദേശി സന്തോഷുമായി ഇൗമാസം 29ന് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ചില നിര്‍ഭാഗ്യ കാരണങ്ങളാല്‍ ഈ വിവാഹത്തില്‍ നിന്നും വിജലക്ഷ്മിക്ക് പിന്‍വാങ്ങേണ്ടി വന്നു. തന്നെ മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത ആളാണ് സന്തോഷെന്ന് വിജയലക്ഷ്മി പറഞ്ഞു. ഇത്തരമൊരു വ്യക്തി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് വിജയലക്ഷ്മി പറഞ്ഞു.
സന്തോഷിനെ കൂടുതല്‍ മനസ്സിലാക്കി വന്നപ്പോഴാണ് അയാളുടെ തനിനിറം മനസ്സിലാക്കാന്‍ സാധിച്ചത്. അയാളുടെ വാക്കുകളും പെരുമാറ്റവും തന്നെ കീറിമുറിക്കുകയുണ്ടായി. അയാളുടെ ഉള്ളിലിരിപ്പ് തനിക്ക് യഥാസമയം മനസ്സിലാക്കാന്‍ സാധിച്ചത് ദൈവാധീനമാണ്. വിവാഹം നിശ്ചയിച്ചതിന് ശേഷം സന്തോഷിന്റെ ഭാഗത്ത് നിന്ന് കടുത്ത മാനസിക പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. തന്നോട് പാട്ട് നിര്‍ത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. പാട്ട് നിര്‍ത്താനാകില്ലെന്ന് ഞാന്‍ പറഞ്ഞു. കാരണം, സംഗീതമില്ലെങ്കില്‍ എന്റെ ശ്വാസം തന്നെ നിലച്ച് പോകും. അന്ധയെന്ന് വിളിച്ച് നിരന്തരം അയാള്‍ എന്നെ കളിയാക്കിയിരുന്നു. എന്നെ വിവാഹം കഴിക്കുന്നത് വലിയ ഒരു ഔദാര്യം പോലെയാണ് അയാള്‍ പറഞ്ഞിരുന്നത്. ദിവസം ചെല്ലുന്തോറും കൂടുതല്‍ കയ്പ്പേറിയ അനുഭവങ്ങളാണ് സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നത്. അയാളുടെ അധികാരം സ്ഥാപിക്കലും അധിക്ഷേപവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞു. ആരുടെയും പ്രേരണയാലല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച ഈ പ്രതിഭ തളരുന്നില്ല. ഉള്ളുരുകിയുള്ള സംഗീതോപാസന കൊണ്ടും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടിയത്. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും തന്റെ വേറിട്ട സ്വരമാധുര്യവും വിജയലക്ഷ്മിയെ പ്രിയങ്കരിയായ ഗായികയാക്കി. ‘കാറ്റേ കാറ്റേ…’ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വിജയലക്ഷ്മി പിന്നീട് ‘ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ’ എന്ന പാട്ടിലൂടെയും അംഗീകാരം നേടി. ഏറ്റവും ഒടുവില്‍ ബാഹുബലി എന്ന ‘ബ്രഹ്മാണ്ഡ’ ചിത്രത്തിലെ ഗാനത്തിലൂടെയും പ്രേക്ഷക ഹൃദയം കവരുകയായിരുന്നു.
0Shares