
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കഴിഞ്ഞ ദിവസം മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദർശിക്കുന്നതിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം. ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ നൽകിയ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കി കൊടുക്കാനാണ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലാണ് ഒരു ജനാധിപത്യ രാജ്യം പ്രവർത്തിക്കുന്നത് എങ്കിൽ നിശബ്ദമാക്കപ്പെടുന്ന ശബ്ദങ്ങളാൽ എങ്ങിനെയാണ് ഒരു ജനത മുന്നോട്ട് പോകുക?

മുഖ്യമന്ത്രി പോകുന്നത് വരെ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടെന്നും പുറത്ത് പോലീസ് കാവല്‍ നിന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. അവസാനം ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് മാധ്യമ പ്രവർത്തകർക്ക് വാതില്‍ തുറന്നു നല്‍കിയത്. സംഭവം വാർത്തയായതിനെ തുടർന്ന് ആരോപണത്തെ തള്ളിക്കളയുകയാണ് മജിസ്‌ട്രേറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ഡിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയ്‌ക്കൊപ്പം വാര്‍ഡിനുള്ളിലേയ്ക്ക് പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിക്കുകയാണ് ചെയ്തതെന്നും ജില്ലാ മജസിട്രേറ്റ് സോഷ്യൽ മീഡിയാ അക്കൗണ്ടിൽ കൂടി ട്വീറ്റ് ചെയ്തു.
ഇതിന് മുൻപ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തതിന് യു.പി പോലീസ് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ട സംഭവവും ഉണ്ടായിരിക്കുന്നത്. മുൻപുണ്ടായ സംഭവത്തില്‍ കനോജിയയ്ക്ക് ജാമ്യം നല്‍കിയ സുപ്രീംകോടതി യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് ആരംഭിച്ചാൽ നടപടി എവിടെ ചെന്ന് നിൽക്കുമെന്നാണ് കോടതി ചോദിച്ചത്. മാത്രമല്ല, സർക്കാർ തീരുമാനത്തെ വിഡ്ഢിത്തം എന്ന് വിശേഷിപ്പിക്കുകയും മാധ്യമ പ്രവർത്തകനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
