നിലവാരമില്ലാത്ത 800 ഓളം എന്‍ജിനീയറിംഗ് കോളജുകള്‍ അടുത്ത വിദ്യാഭ്യാസ വര്‍ഷം അടച്ചുപൂട്ടും

  • Post category:news
  • Reading time:1 min read
You are currently viewing നിലവാരമില്ലാത്ത 800 ഓളം എന്‍ജിനീയറിംഗ് കോളജുകള്‍ അടുത്ത വിദ്യാഭ്യാസ വര്‍ഷം അടച്ചുപൂട്ടും

ബംഗളൂരു: നിലവാരമില്ലാത്ത എന്‍ജിനീയറിംഗ് കോളജുകള്‍ അടുത്ത വിദ്യാഭ്യാസ വര്‍ഷം അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷനാണ് (എ.ഐ.സി.ടി.ഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഒരു രേഖ ഈമാസം പതിനഞ്ചിനകം കേന്ദ്രത്തിന് നല്‍കാനും ധാരണയായി. വിദ്യാര്‍ഥികളുടെ എണ്ണം കുറവുള്ള നിലവാരം താഴ്ന്ന എണ്ണൂറോളം എന്‍ജിനീയറിംഗ് കോളജുകള്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്രബുദ്ധെ പറയുന്നു. നിലവാരമില്ലാത്ത 30 ശതമാനം കോളജുകളും പൂട്ടിതുടങ്ങി.

ഓരോ വര്‍ഷവും ഏതാണ്ട് 150 കോളജുകള്‍ സ്വമേധയാ അടച്ചുപൂട്ടുന്നുണ്ട്. എഐസിടിഇ കൗണ്‍സിലിന്റെ ചട്ടം അനുസരിച്ച് ശരിയായ അടിസ്ഥാന സൗകര്യമില്ലാത്തതും 30 ശതമാനത്തില്‍ കുറവ് അഡ്മിഷനുമുള്ള കോളജുകള്‍ അഞ്ചു വര്‍ഷത്തിനകം അടച്ചുപൂട്ടണമെന്നാണ് നിര്‍ദേശമെന്നും സഹസ്രബുദ്ധെ പറഞ്ഞു. കര്‍ണാടകയില്‍ 600 കോളജുകള്‍ പൂട്ടും. 10,361 എഞ്ചിനീയറിങ് കോളജുകളാണ് രാജ്യത്തുള്ളത്. 1500 കോളജുകളുള്ള മഹാരാഷ്ട്രയാണ് ഒന്നാമത്. 37 ലക്ഷം എഞ്ചിനീയറിങ് സീറ്റില്‍ 27 ലക്ഷം സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്.

 

0Shares