വയനാട്: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ പാതയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ വയനാട്ടില്‍ വ്യാഴാഴ്ച്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെ യു.ഡി.എഫ്- എന്‍.ഡി.എ ഹര്‍ത്താല്‍. ഹര്‍ത്താല്‍ തുടങ്ങിയതോടെ കല്‍പറ്റയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ വാഹന ഗാതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. കര്‍ണാടകയില്‍ നിന്നും വരുന്ന ചരക്ക് വാഹനങ്ങള്‍, മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയും തടഞ്ഞിട്ടുണ്ട്. കോഴിക്കോട് നിന്നും വരുന്ന ചില ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് കടത്തിവിടുന്നത്.

കടകമ്പോളങ്ങളും പൂര്‍ണമായും അടച്ചിട്ടതോടെ വയനാട്ടിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ സ്ഥിതി ഏറെ പരുങ്ങലിലായി. വയനാടിന്റെ റെയില്‍സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് കരുതിയിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്‍മാറിയിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാതായതോടെയാണ് ഡി.എം.ആര്‍.സി പിന്‍മാറാന്‍ തീരുമാനിച്ചത്. പണം അനുവദിച്ചില്ലെങ്കില്‍ സര്‍വേക്കായി കോഴിക്കോടും വയനാട്ടിലും തുറന്ന ഓഫീസുകള്‍ ജൂണില്‍ പൂട്ടുമെന്നും ഡി.എം.ആര്‍.സി അറിയിച്ചിട്ടുണ്ട്.