നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാക്കണം: സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം

  • Post category:local news
  • Reading time:2 mins read
You are currently viewing നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാക്കണം: സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം

മാര്‍പ്പനടുക്ക: ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമാകുന്ന ഉക്കിനടുക്കയില്‍ സ്ഥാപിക്കാന്‍ പോകുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജ് എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. 2013 നവംബര്‍ മാസത്തില്‍ തറക്കല്ലിട്ട് നിര്‍മ്മാണം ആരംഭിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നിര്‍മ്മാണം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. എന്റോസള്‍ഫാന്‍ ദുരിതമേഖലയിലെ ആയിരക്കണക്കിന് രോഗികള്‍ക്കും ജില്ലയിലെ പാവപ്പെട്ട ജനങ്ങള്‍ക്കും ആശ്രയമാകുന്നതും കര്‍ണ്ണാടകയിലെ മെഡിക്കല്‍ കോളേജ് ലോബികളില്‍ നിന്നും ജില്ലയിലെ സാധാരണക്കാരായ ആളുകളെ രക്ഷിക്കുന്നതിനു വേണ്ടിയും മെഡിക്കല്‍ കോളേജ് അനിവാര്യമാണ്. ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.കെ. കോടോത്ത് നഗറില്‍ മുതിര്‍ന്ന നേതാവ് പി.എന്‍.ആര്‍ അമ്മണ്ണായ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ അസി. സെക്രട്ടറി ബി.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. ബി സുകുമാരന്‍, സതീശന്‍ പുണ്ടൂര്‍, ചന്ദ്രാവതി എന്നിവരടങ്ങിയ പ്രസീഡിയവും എം കൃഷ്ണന്‍, പി എന്‍ ആര്‍ അമ്മണ്ണായ, കെ ചന്ദ്രശേഖരഷെട്ടി, സനോജ് കാടകം എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും മണ്ഡലം സെക്രട്ടറി എം.കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സതീശന്‍ പുണ്ടൂര്‍ രക്തസാക്ഷി പ്രമേയവും സനോജ് കാടകം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ലാ എക്സിക്യൂട്ടീവംഗം വി രാജന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി എം അബ്ദുള്‍ റസാഖ് സ്വാഗതം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് സി.എച്ച് കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ ഉല്‍ഘാടനം ചെയ്തു. ബദിയടുക്ക മണ്ഡലം സെക്രട്ടറിയായി എം കൃഷ്ണനെ വീണ്ടും സമ്മേളനം തിരഞ്ഞെടുത്തു. പി.എന്‍.ആര്‍ അമ്മണ്ണായ, കെ ചന്ദ്രശേഖരഷെട്ടി, ബി സുകുമാരന്‍, സതീശന്‍ പുണ്ടൂര്‍, സനോജ് കാടകം, സി ജാനു, ബി സുധാകരന്‍, എസ് ബി നരസിംഹപൂജാരി, ടി എം അബ്ദുള്‍ റസാഖ്, കെ പ്രകാശന്‍ എന്നിവരാണ് മണ്ഡലം കമ്മറ്റി അംഗങ്ങള്‍.

0Shares