കാസര്‍കോട്: കാസര്‍കോട്ടുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാസര്‍കോട് ജില്ലയില്‍ രാത്രിയില്‍ ബൈക്ക് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച്ച മുതല്‍ രാത്രി 10 മണിമുതല്‍ രാവിലെ ആറുമണി വരെയാണ് ബൈക്കുകള്‍ക്ക് നിരോധനം. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമാണ് ബൈക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം അവഗണിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.

കൂടാതെ കാസര്‍കോട്ട് കുറച്ചു ദിവസങ്ങളായി അരങ്ങേറിയ അനിഷ്ട സംഭവങ്ങളെക്കുറിച്ച് വര്‍ഗ്ഗീയപരമായി സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു. വ്യാജപ്രചരണങ്ങളും വ്യാജ സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.