
നിരോധനം ഉണ്ടെങ്കിലും അതെല്ലാം ലംഘിച്ച് കാസര്‍കോട് ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ കോഴിയങ്കം തുടരുകയാണ് ഇപ്പോഴും. ഇത്തരത്തിലുള്ള കൊഴിപ്പോരുകളില്‍ ലക്ഷങ്ങളാണ് മറിയുന്നത്. പോരിനിറങ്ങുന്ന അങ്കക്കോഴികളുടെ കാലുകളിൽ കെട്ടുന്ന വാളിനാൽ മുറിവേൽക്കുന്നത് പതിവായിട്ടും പലർക്കും ഇതു ഹരമാണ്. അതേസമയം ഇതിനെതിരെ കർശന നടപടി സ്വീകരിക്കാനാകാതെ അധികൃതരും ആശയക്കുഴപ്പത്തിലാണ് എന്നതാണ് വാസ്തവം.
7 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴിയങ്കത്തിലേർപ്പെട്ട ഒരാൾ വാൾ കൊണ്ടുള്ള മുറിവേറ്റ് മരിച്ചിച്ചത് മുതല്‍ കഴിഞ്ഞ ദിവസം മജിർപ്പള്ളം ധർമനഗറിൽ കോഴിയങ്കം പിടിക്കാനെത്തിയ പോലീസുകാരൻ സനൽ നാരായണന് വാൾ കൊണ്ടുള്ള മുറിവേറ്റത് വരെ ഉണ്ടായിട്ടുള്ള അപകടങ്ങള്‍ നിരവധിയാണ്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതലായും കോഴിയങ്കം നടക്കുന്നത്.

ചിലപ്പോഴൊക്കെ ഇതില്‍ ഏർപ്പെട്ടവരെ പിടികൂടുന്നുണ്ടെങ്കിലും ചെറിയ പിഴ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണ് പതിവ്. അതേസമയം കോഴിയങ്കങ്ങള്‍ക്ക് രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പിൻതുണ കൂടി കിട്ടുന്നതാണ് ജാമ്യത്തില്‍ വിടാന്‍ കാരണമെന്ന് പോലീസ് പറയുന്നു. കൊഴിപ്പോരിനായി മാത്രം കോഴികളെ വളർത്തുന്നവരുമുണ്ട്.
ഏകദേശം 2000 രൂപ മുതൽ 5000 രൂപ വരെയാണ് ഇത്തരത്തിലുള്ള കോഴികൾക്ക് വില. പോരില്‍ വിജയിച്ചാൽ കോഴിയും പന്തയം വച്ച പണവും ലഭിക്കും. ഇത്തരത്തില്‍ ആയിരം രൂപ മുതൽ 10,000 രൂപ വരെയാണ് അങ്കത്തിൽ ഏർപ്പെടുന്നവരും കാണികളും പന്തയം വെക്കുന്നത്. പോര് നടക്കുന്ന സ്ഥലമുടമയ്ക്ക് ആയിരം രൂപ മുതൽ 2500 രൂപ വരെ വാടക നൽകണം. നിലവില്‍ കോഴിയങ്കത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.ജില്ലയിലെ കുമ്പള , മഞ്ചേശ്വരം, ബദിയടുക്ക, ബേഡകം, ആദൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കോഴിയങ്കം ഏറെ നടക്കുന്നത്.
