നിരവധി പെണ്‍വാണിഭ കേസുകളില്‍ പ്രതിയായ ചിമ്മിനി ഹനീഫയ്ക്കെതിരെ പരാതിയുമായി യുവതിയും കുടുംബവും; തൻ്റെ ഭര്‍ത്താവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; പോലിസില്‍ പരാതി നല്‍കിയാല്‍ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയും

  • Post category:news
  • Reading time:2 mins read
You are currently viewing നിരവധി പെണ്‍വാണിഭ കേസുകളില്‍ പ്രതിയായ ചിമ്മിനി ഹനീഫയ്ക്കെതിരെ പരാതിയുമായി യുവതിയും കുടുംബവും; തൻ്റെ ഭര്‍ത്താവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; പോലിസില്‍ പരാതി നല്‍കിയാല്‍ വെടിവച്ചു കൊല്ലുമെന്ന ഭീഷണിയും

കാസര്‍കോട്: വാരാപ്പുഴ, മധൂര്‍ പീഡനക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ചിമ്മിനി ഹനീഫയ്ക്കെതിരെ ആരോപണങ്ങളുമായി യുവതിയും കുടുംബവും. ബേക്കല്‍ പള്ളിക്കര പള്ളിപ്പുഴയിലെ പരേതനായ മുജീബ് റഹ് മാന്റെ ഭാര്യ കുണ്ടംകുഴിയിലെ ബി.എം കൗലത്ത് ബീവി (29) യാണ് നിരവധി പരാതികളുമായി വാര്‍ത്താസമ്മേളനത്തിനെത്തിയത്. പൊതുമരാമത്ത് കരാറുകാരനായിരുന്ന തന്റെ ഭര്‍ത്താവ് മുജീബ് റഹ് മാനെ ചിമ്മിനി ഹനീഫ പരിചയപ്പെട്ട് 14 ഏക്കര്‍ ഭൂമി തട്ടിയെടുത്ത് വില്‍പന നടത്തിയതായാണ് യുവതിയുടെ പരാതി. റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെ കൂടുതല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് തന്റെ 200 പവന്‍ ആഭരണങ്ങളും തട്ടിയെടുത്തു. ഭര്‍ത്താവ് മുഖാന്തിരമാണ് ഇടപാട് നടത്തിയത്. പിന്നീട് പണയത്തെ കുറിച്ച് ഭര്‍ത്താവ് അന്വേഷിച്ചപ്പോള്‍ ഹനീഫ പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. മുജീബില്‍ നിന്ന് തട്ടിയെടുത്ത പണം കൊണ്ട് മറ്റൊരു സ്ഥലം വാങ്ങുകയും ഈ സ്ഥലം ഹനീഫിന്റെ ഭാര്യയുടെയും ഭാര്യ സഹോദരിയുടെയും പേരില്‍ എഴുതിവെക്കുകയും ചെയ്തു. ഇത് ചോദിക്കാന്‍ ചെന്ന മുജീബിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഗുണ്ടകളെ വിട്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2012ല്‍ ഹനീഫയ്ക്കെതിരെ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലിസും പരാതിയില്‍ ഗൗരവകരമായ അന്വേഷണം നടത്തയിട്ടില്ലെന്ന് യുവതി പറയുന്നു. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നറിഞ്ഞ ഹനീഫ മുജീബിനെ സമീപിച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെടുകയും ഇല്ലെങ്കില്‍ ഭാര്യയെയും കുട്ടികളെയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2017 ഡിസംബര്‍ 25ന് മുജീബ് വീടുവിട്ട് ഇറങ്ങിപ്പോയി.

തിരോധാനത്തെ തുടര്‍ന്ന് ബേഡകം പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നിട്ടും കണ്ടെത്താനായില്ല. പിന്നീട് 2018 ജനുവരി 13ന് ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് കേട്ടത്. ഹനീഫിന്റെ ചതിയില്‍ പെട്ട് മാനസീക പീഡനം സഹിക്കാനാവതെ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ച് ജീവനൊടുക്കുകയാണ് ഉണഅടായതെന്നും യുവതി ആരോപിച്ചു. ഹനീഫക്കെതിരെ കേസ് കൊടുക്കാന്‍ പോകുന്നവര്‍ പ്രതികളാകുന്ന അവസ്ഥയാണുള്ളത്. താന്‍ നിയമപരമായി മുന്നോട്ടുപോകുന്നത് കൊണ്ടാണ് തന്നെ വധിക്കാന്‍ ശ്രമിക്കുന്നത്. കേസിന്റെ വഴിയെ പോയതിന് തന്റെ സഹോദരന്‍ ബാദുഷയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ചും ഇയാളുടെ വഞ്ചനയെ കുറിച്ചും തങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫിനും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കോടതിയിലും കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹനീഫയ്ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം കലക്ടറേറ്റിന് മുന്നില്‍ കുടുംബത്തോടൊപ്പം ചേര്‍ന്ന് താന്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഇരിക്കുമെന്നും കൗലത്ത് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മകള്‍ സിയാഫാത്തിമയും സഹോദരന്‍ ബാദുഷയും പങ്കെടുത്തു.

0Shares