നിയമസഭാ തെരഞ്ഞെടുപ്പ്; വീണ്ടും ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരെന്ന് അഭിപ്രായ സർവേ

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പ്; വീണ്ടും ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരെന്ന് അഭിപ്രായ സർവേ

എ.ബി.പി ന്യൂസും സി വോട്ടറും ചേർന്ന് നടത്തിയ അഭിപ്രായ സ‍ർവേയാണ് അരവിന്ദ് കെജ്‍രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി സർക്കാർ ദില്ലിയില്‍ അധികാരത്തിലേക്ക് മികച്ച ഭൂരിപക്ഷത്തോടെ തന്നെ തിരികെ വരുമെന്ന് പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടി 59 സീറ്റുകളുമായി മിന്നും ജയത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്തും. ബി.ജെ.പിക്ക് വെറും എട്ട് സീറ്റ് മാത്രമേ കിട്ടൂ എന്നാണ് സർവേ പറയുന്നത്. ആം ആദ്മി പാർട്ടിക്ക് മുമ്പ് വർഷങ്ങളോളം ദില്ലി ഭരിച്ച കോൺഗ്രസിന് വെറും മൂന്ന് സീറ്റേ ലഭിക്കൂ എന്നും സർവേ പറയുന്നു.

ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11-ന് ഫലം അറിയാം. 1.46 കോടി വോട്ടർമാരാണ് ജനവിധിയെഴുതുന്നത്. മഹാരാഷ്ട്രയ്ക്കും ജാർഖണ്ഡിനും പുറമേ, ദില്ലിയിലും ബി.ജെ.പിക്ക് അടിതെറ്റുമെന്നാണ് അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. 2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും മൂന്ന് സീറ്റുകൾ മാത്രം കിട്ടി തകർന്നടിഞ്ഞിരുന്നു ബി.ജെ.പി. അതും മോദി തരംഗം കത്തി നിൽക്കുന്നുവെന്ന് കരുതുന്ന കാലത്ത് തന്നെ.

അന്ന് കോൺഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. എന്നാലിത്തവണ മൂന്നിൽ നിന്ന് എട്ട് സീറ്റുകളിലേക്ക് ബി.ജെ.പി വളരുമെന്നാണ് സർവേ പറയുന്നത്. കോൺഗ്രസിനും അൽപം ആശ്വാസം കിട്ടിയേക്കാം. മൂന്ന് സീറ്റുകൾ കിട്ടും.
എന്നാൽ വോട്ട് വിഹിതത്തിൽ ആം ആദ്മി പാർട്ടി വൻ നേട്ടം കൊയ്യുമെന്നാണ് സർവേ പറയുന്നത്. ആം ആദ്മി പാർട്ടിക്ക് 53 ശതമാനം വോട്ട് കിട്ടും. ബി.ജെ.പിക്ക് വെറും 26 ശതമാനം മാത്രമേ കിട്ടൂ. കോൺഗ്രസിനാകട്ടെ അഞ്ച് ശതമാനം മാത്രം.

ജനുവരി ഒന്നാം വാരം, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് വരെയാണ് എ.ബി.പി ന്യൂസും സി വോട്ടറും ചേർന്ന് സർവേ നടത്തിയതെന്നാണ് അവർ വ്യക്തമാക്കുന്നത്. 13,076 പേരിൽ നിന്നാണ് അഭിപ്രായം തേടിയത്. 67 ശതമാനം പേരും ദില്ലിയിൽ ആം ആദ്മി പാർട്ടി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് വിശ്വസിക്കുന്നു. 19 ശതമാനം പേർ ബി.ജെ.പി ജയിക്കുമെന്ന് കരുതുന്നു. മൂന്ന് ശതമാനം പേർ മാത്രമേ, കോൺഗ്രസ് വിജയിക്കുമെന്ന് കരുതുന്നുള്ളൂ.

0Shares