നിയമസഭയില്‍ മാസ്‌ക് ധരിച്ചെത്തിയ കുറ്റ്യാടി എം.എല്‍.എയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി; നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വന്നതെന്തിനെന്ന് ആരോഗ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭയില്‍ മാസ്‌ക് ധരിച്ചെത്തിയ കുറ്റ്യാടി എം.എല്‍.എയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി; നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വന്നതെന്തിനെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വര്‍ഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം ചേര്‍ന്ന നിയമസഭയില്‍ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല എത്തിയത് മാസ്‌ക് ധരിച്ച്. ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടയിലാണ് മാസ്‌കും ഗ്ലൗസും ധരിച്ച് പാറക്കല്‍ അബ്ദുല്ല നിയമസഭയില്‍ ഇരിക്കുന്നത് ഭരണപക്ഷത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇത് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രകോപിപ്പിച്ചു. സര്‍ക്കാരും ജനങ്ങളും ഗൗരവത്തോടെ കാണുന്ന വിഷയത്തെ മാസ്‌ക് ധരിച്ച് സഭയിലെത്തിയതിലൂടെ അപഹസിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്‌ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എം.എല്‍.എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം അദ്ദേഹത്തിനു നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വരാന്‍ പാടില്ലായിരുന്നു എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാല്‍ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്‌ക ധരിച്ചതെന്നും പാറക്കല്‍ അബ്ദുല്ല പറഞ്ഞു. പാറക്കല്‍ എംഎല്‍എ കോമാളിയെപ്പോലെ നീക്കം നടത്തുന്നുവെന്ന് ഭരണപക്ഷ എം.എല്‍.എമാരും വിമര്‍ശിച്ചു.

0Shares