നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളപ്പോള്‍ ഖജനാവിന് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കാനായി എന്തിനാണ് ഒരു ചീഫ് വിപ്പ് പദവി?

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭയില്‍ ഭൂരിപക്ഷം ഉള്ളപ്പോള്‍ ഖജനാവിന് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കാനായി എന്തിനാണ് ഒരു ചീഫ് വിപ്പ് പദവി?

സംസ്ഥാന സർക്കാരിന് അധിക ബാധ്യതയുണ്ടാക്കാനായി ചീഫ് വിപ്പ് കൂടി ക്യാബിനറ്റ് പദവിയോടെ ഇടത് മുന്നണിയിൽ വരികയാണ്. കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്താണ് ചീഫ് വിപ്പ് ഇന്‍ ക്യാബിനറ്റ് പദവി അനുവദിച്ചത്. അതായത് മന്ത്രിമാരുടെ തുല്യ പദവി. നിയമസഭയില്‍ ഒരു നിര്‍ണ്ണായക ഘട്ടമുണ്ടാവുമ്പോള്‍ ഭരണകക്ഷിയംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയാണ് ചീഫ് വിപ്പിന്‍റെ ജോലി.

നിലവില്‍ സഭയില്‍ വന്‍ഭൂരിപക്ഷമുള്ള ഇപ്പോഴത്തെ ഇടതുസര്‍ക്കാരിന്‍റെ സമയത്ത് ചീഫ് വിപ്പിന്‍റെ ആവശ്യമെന്താണ് . പ്രളയ പുനര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ പാടുപെടുന്ന സര്‍ക്കാരാണ് പൊതുജനങ്ങള്‍ക്ക് ഈ അധിക ബാധ്യത അടിച്ചേല്‍പിക്കുന്നത്. സര്‍ക്കാര്‍ മന്ദിരം, ഓഫീസ്, വാഹനം, പേഴ്സണല്‍ സ്റ്റാഫുകള്‍, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം അനുവദിക്കണം. ചുരുക്കത്തില്‍ പുതിയ പദവിയനുവദിക്കുന്നതിനായി പ്രതിമാസം 20 ലക്ഷത്തിലധികം സര്‍ക്കാര്‍ കണ്ടെത്തണം.

ഇനിയുള്ള രണ്ടുവര്‍ഷക്കാലാവധി പരിഗണിച്ചാൽ അഞ്ചുകോടി ചെലവാകുമെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്. പൊതുജന സേവനത്തിനായി കാര്യമായൊന്നും ചെയ്യാൻ ഇല്ലാത്ത ചീഫ് വിപ്പ് പദവിക്കായി, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആണ് സര്‍ക്കാര്‍ പണം ചിലവിടുന്നത്. ധൂര്‍ത്തിന് കഴിഞ്ഞ സര്‍ക്കാരിനെ കുറ്റം പറഞ്ഞിരുന്നവരാണ് ഇപ്പോഴത്തെ ഭരണമുന്നണിക്കർ.

മന്ത്രിസ്ഥാനങ്ങള്‍ വീതം വച്ചപ്പോഴുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സമവായ നിര്‍ദ്ദേശമായിരുന്നു കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം. കാര്യമായൊന്നും ചെയ്യാനില്ലാത്ത ചീഫ് വിപ്പ് പദവിക്കായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവിടുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് അന്ന് പ്രതിപക്ഷം ഉന്നയിച്ചത്. അതെ മുന്നണി സമവാക്യത്തിനായി ഇടതുപക്ഷവും യു.ഡി.എഫ് നയം പിന്തുടരുന്നു.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പ് സ്ഥാനത്തിന് പുറമെ മുന്നോക്കക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാണ് കാബിനറ്റ് റാങ്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍, മുന്നോക്ക ക്ഷേമകോര്‍പറേഷന്‍ ചെയര്‍മാന്‍, ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം എന്നിങ്ങനെ പിണറായി സര്‍ക്കാര്‍ അനുവധിച്ചിരിക്കുന്നത് മൂന്ന് കാബിനറ്റ് റാങ്കുകളാണ്.

0Shares