നിപ ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയില്ല; ഉറവിടം വവ്വാലുകളല്ലെന്ന് പറയാന്‍ കൂടുതല്‍ പഠനം ആവശ്യമെന്ന് വിദഗ്ധസംഘം

  • Post category:news
  • Reading time:1 min read
You are currently viewing നിപ ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയില്ല; ഉറവിടം വവ്വാലുകളല്ലെന്ന് പറയാന്‍ കൂടുതല്‍ പഠനം ആവശ്യമെന്ന് വിദഗ്ധസംഘം

കോഴിക്കോട്: ചങ്ങരോത്ത് നിപ ബാധിച്ച് ആദ്യം മരണപ്പെട്ട വളച്ചുകെട്ടിയില്‍ സാബിത്ത് മലേഷ്യയിലേക്ക് പോയിട്ടില്ലെന്ന് യാത്രാ രേഖകള്‍. സന്ദര്‍ശിച്ചത് യുഎഇയിലേക്കെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍. വിദേശത്ത് നിന്നാണ് നിപ വൈറസ് കോഴിക്കോട് എത്തിയതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെ സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചിരുന്നു. പാസ്‌പോര്‍ട്ട് രേഖ അനുസരിച്ച് സാബിത്ത് ദുബായിലേക്കാണ് യാത്ര ചെയ്തത്. 2017 ഫെബ്രുവരി 13ന് ദുബായിലേക്ക് പോയ സാബിത്ത് ആറു മാസക്കാലം അവിടെയുണ്ടായിരുന്നു. 2017 ഒക്ടോബറില്‍ തിരിച്ചെത്തി. ബന്ധുക്കള്‍ പുറത്തുവിട്ട രേഖകള്‍ പ്രകാരം സാബിത്ത് മലേഷ്യയിലേക്ക് യാത്ര ചെയ്തതിന് തെളിവില്ല. സാബിത്ത് മലേഷ്യയിലേക്ക് പോയിരുന്നുവെന്നും അവിടെ നിന്ന് തിരിച്ചുവന്നപ്പോള്‍ ഉദര രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നുമാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്. സാബിത്തും പിതാവും സഹോദരനും ചേര്‍ന്ന് വൃത്തിയാക്കിയെന്ന് പറയപ്പെടുന്ന കിണറ്റില്‍ നിന്ന് പിടിച്ച വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിദേശത്ത് നിന്നാണ് വൈറസ് കോഴിക്കോട് എത്തിയതെന്ന പ്രചാരണം വീണ്ടും ശക്തമായി. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും സാബിത്തിന്റെ യാത്രാ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നു. നിപ്പാ വൈറസ് ബാധിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയെത്തിയ സാബിത്തിനെ മടികൂടാതെ പരിചരിച്ചപ്പോഴാണ് നഴ്‌സ് ലിനിയും രോഗ ബാധിതയായി മരിച്ചത്. നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന് പറയാന്‍ കൂടുതല്‍ പഠനം ആവശ്യമെന്ന് വിദഗ്ധസംഘം. പരിശോധനക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘം കോഴിക്കോടെത്തി. വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.ചങ്ങരോത്തും അഞ്ച് കീലോമീറ്റര്‍ ചുറ്റളവിലും തമ്പടിച്ച പഴം തീനി വവ്വാലുകളുടെ സാമ്പിള്‍ ഇവര്‍ ശേഖരിക്കും. പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബിലും സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനമെന്ന് ഡോക്ടര്‍ സുദീപ് പറഞ്ഞു. വവ്വാലുകളെ കൊന്നൊടുക്കുന്നത് രോഗം വ്യപിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും സുദീപ് പറഞ്ഞു.

0Shares