
കേരളത്തെ ഞെട്ടിക്കുകയും എന്നാൽ ജനത ധീരമായി രണ്ട് തവണ അതിജീവിക്കുകയും ചെയ്ത നിപ എന്ന ഭീതി ഇനിയും സംസ്ഥാനത്തെ വിട്ടൊഴിയില്ല. കൂടുതല്‍ ഇനം വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടാകാനിടയുണ്ടെന്ന് പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. പുതുതായി ആറിനം വവ്വാലുകളിലാണ് നിപയുടെ സാന്നിധ്യമുണ്ടാകാനിടയുള്ളത്.

ഇതില്‍ പ്രധാനമായുള്ള രണ്ടിനം വവ്വാലുകൾ കേരളത്തില്‍ കാണപ്പെടുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പി.എല്‍ ഒ.എസ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഉണ്ടായ നിപ വൈറസ് ബാധയ്ക്ക് പിന്നാലെ നിപ പ്രതിരോധിക്കുന്നതിനുള്ള ഭാഗമായാണ് പഠനം നടത്തിയത്.ഇപ്പോൾ പുതുതായി കണ്ടെത്തിയ ആറിനം വവ്വാലുകളില്‍ നാലിനമാണ് ഇന്ത്യയില്‍ ഉള്ളത്. ഇതില്‍ രണ്ടെണ്ണമാണ് കേരളത്തില്‍ ഉള്ളതെന്നും പി.എല്‍.ഒ.എസ് റിസേര്‍ച്ച് ജേര്‍ണലില്‍ പറയുന്നുണ്ട്.
ഇന്ത്യയ്ക്ക് പുറമെ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങളിലെ വവ്വാലുകളുടെ കൂടി സവിശേഷതകള്‍ അടിസ്ഥാനമാക്കിയാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പഠനം നടത്തിയത്.
8 സ്വഭാവസവിശേഷങ്ങളോടുകൂടിയ 523 വവ്വാല്‍വര്‍ഗങ്ങളിലായിരുന്നു പഠനം. ഇന്ത്യയിലെ കണക്കനുസരിച്ച് 113 വവ്വാലിനങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 31 ഇനങ്ങളെ മാത്രമാണ് വൈറസ് സാന്നിധ്യമറിയാന്‍ പരിശോധിച്ചത്. പരിശോധിച്ചവയില്‍ 11 എണ്ണത്തില്‍ രോഗപ്രതിരോധത്തിനുള്ള ‘ആന്റിബോഡി’യുടെ സാന്നിധ്യം ഉണ്ടെന്നും പി.എല്‍.ഒ.എസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
