തൃശൂര്‍: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോംഗോപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോപനി ബാധിച്ചത്. തൃശൂരില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011 ല്‍ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കോംഗോ പനി ബാധിച്ച മൃഗങ്ങളിലെ ചെള്ളുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. യു.എ.ഇ യില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തിയിലാണ് പനി സ്ഥിരീകരിച്ചത്.
ഇയാളുടെ ശരീര സ്രവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചു. ശരീരസ്രവങ്ങള്‍ വഴി മറ്റ് മനുഷ്യരിലേക്ക് പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാള്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ശക്തമായ പനി, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത, നടുവേദന, മസിലുകള്‍ക്ക് വേദന എന്നിവയാണ് കോംഗോപനിയുടെ ലക്ഷണങ്ങള്‍.
നിപ്പയ്ക്ക് പിന്നാലെ കോംഗോ പനി കേരളത്തിലും: മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍