നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പത്തായി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന നടത്തണം

  • Post category:news
  • Reading time:1 min read
You are currently viewing നിപാ വൈറസ് ബാധയെ തുടര്‍ന്ന്  മരിച്ചവരുടെ എണ്ണം പത്തായി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന നടത്തണം

കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമം നടത്താനും. ആശുപത്രികളില്‍ ശുചിത്വം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. വൈറസ് ബാധയേറ്റവര്‍ക്കും, വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ ഉറപ്പുവരുത്തണം. എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിക്കാന്‍ നിര്‍ദേശം. അതേസമയം തിങ്കളാഴ്ച രാവിലെ കോഴിക്കോട് അവലോകന യോഗം ചേര്‍ന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് യോഗം. ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് യോഗം ചേരുന്നത്. മന്ത്രി ടി.പി രാമകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ നിപാ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.
അതേസമയം ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്ക്യാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്റേയും സാബിത്തിന്റെയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും മലപ്പുറം സ്വദേശികളായ രണ്ട് പേരും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്.

0Shares