നികുതി കുടിശ്ശിക അടക്കാനുള്ളവര്‍ക്ക് ഇളവ്; കാസർകോട് ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാഴാഴ്ച മെഗാ അദാലത്ത്; ഓണ്‍ലൈന്‍ ആയും തുക അടക്കാം

  • Post category:news
  • Reading time:1 min read
You are currently viewing നികുതി കുടിശ്ശിക അടക്കാനുള്ളവര്‍ക്ക് ഇളവ്; കാസർകോട് ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാഴാഴ്ച  മെഗാ അദാലത്ത്; ഓണ്‍ലൈന്‍ ആയും തുക അടക്കാം

1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ നികുതി കുടിശ്ശിക അടക്കാനുള്ളവര്‍ക്ക് കുടിശ്ശികയില്‍ ഇളവ് നല്‍കി കാസര്‍കോട് ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഈ മാസം 22ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിശ്ശിക രജിസ്‌ട്രേഷന്‍ ഫീസിന്റെ 100 ശതമാനവും കുടിശ്ശിക മുദ്രവിലയുടെ 70 ശതമാനവും ഇളവ് ലഭിക്കുന്നതാണ്.

ഓണ്‍ലൈന്‍ ആയും കുടിശ്ശിക തുക അടക്കാനുള്ള സൗകര്യം രജിസ്‌ട്രേഷന്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്. www.keralaregistration.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, അതില്‍ അപേക്ഷകന്‍ ആധാരം രജിസ്റ്റര്‍ ചെയ്ത ജില്ല, സബ് രജിസ്ട്രാര്‍ ആഫീസ്, രജിസ്റ്റര്‍ ചെയ്ത വര്‍ഷം, ആധാരത്തിന്റെ നമ്പര്‍ എന്നിവ കൊടുക്കുക, തുടര്‍ന്ന് കാണുന്ന യു.വി. സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്താല്‍ ആധാരം അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെടുന്നതാണോ, അല്ലയോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ഉള്‍പ്പെടുന്നതാണെങ്കില്‍ യു.വി. സ്റ്റാറ്റസ് ക്ലോസ് ചെയ്ത് പെയ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പേരും അഡ്രസ്സും നല്‍കി സാധാരണ ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് കുടിശ്ശിക നികുതി അടക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ പെയ്‌മെന്റ് സംബന്ധമായ സംശയനിവാരണത്തിനും കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 04994255405.

0Shares