
കോഴിക്കോട്/ തിരുവനന്തപുരം : നിലമ്പൂര്‍ കരുളായി ഏറ്റമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്കൊരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നവംബര്‍ 24നായിരുന്നു സംഭവം. ഇതിനു പിന്നാലെ മാവോയിസ്റ്റു വേട്ട ശക്തമാക്കുമെന്ന മുന്നറിയിപ്പും ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഇതോടെ ഉള്‍ക്കാടുകളിലേക്ക് പിന്‍വലിഞ്ഞ മാവോയിയിസ്റ്റ് സംഘം തങ്ങളുടെ സ്വാധീനം വീണ്ടും ഉറപ്പിക്കാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്റ്‌സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി. കോഴിക്കോട്, പാലക്കാട്, കൊച്ചി എന്നിവടങ്ങളിലാണ് ആക്രമണത്തിന് പദ്ധതിയെന്നാണ് വിവരം.

വനമേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ നഗരമേഖലകളിലാണ് ആക്രമണത്തിനു കോപ്പു കൂട്ടുന്നതെന്നും ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ട്. ഇതേ തുടര്‍ന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. പോലീസുള്‍പ്പടെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. തന്ത്ര പ്രധാന കേന്ദങ്ങളിലും, മാവോ ഭീഷണി നേരിടുന്ന സ്ഥാപനങ്ങള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങളെ പരിഭ്രാന്തരാക്കാതെ പരമാവധി രഹസ്യമായി തന്നെ പരിശോധനകളും മറ്റും ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.
