ദുബായ്: വെറും നാല് മിനിറ്റില്‍ ലോകത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കുന്ന മലയാള ഹ്രസ്വ ചിത്രം തരംഗമാവുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ നവമാദ്ധ്യമങ്ങളിലൂടെ നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. ‘ലോകത്തിന്റെ മകള്‍” (Daughter of the World) എന്ന് പേരിട്ടിരിക്കുന്ന ചിത്രം യുദ്ധ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും അതിനിടയില്‍ നടക്കുന്ന സംഭവ വികാസങ്ങളും ഒരു പിഞ്ച് ബാലികയ്ക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങളും ഒരുപാട് നാടകീയ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ട്രൈയാഗില്‍ മീഡിയ പുറത്തിറക്കി സൂരജ് കെ രാജ് നിര്‍മ്മിച്ച ചിത്രം മുഹമ്മദ് അന്‍സാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇവ ആയിഷ, അജ്മല്‍ അസീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുഖ്യ കഥാപാത്രമായി അഭിനയിച്ച ഇവാ ആയിഷ എന്ന മൂന്ന് വയസുകാരി കാസര്‍കോട് എം എല്‍.എ. എന്‍.എ. നെല്ലിക്കുന്നിന്റെയും കെസെഫ് വൈസ് ചെയര്‍മാന്‍ ബേക്കല്‍ മുഹമ്മദ്കുഞ്ഞിയുടെയും പൗത്രിയാണ്.