കാസര്‍കോട്: കാസര്‍കോട് അണങ്കൂറിലെ ബെദിര എന്ന പ്രദേശം ഇപ്പോള്‍ വലിയ രോഗ ഭീഷണിയിലാണ്. ഇവിടത്തെ താഴ്ന്ന ഭാഗങ്ങൾ മുഴുവനും ഇപ്പോള്‍ മഴ വെള്ളത്താല്‍ നിറഞ്ഞു നില്‍ക്കുന്നു. മഴവെള്ളം ഒഴുകി പോകേണ്ട തോട് സ്ഥലത്തെ പ്രധാന ദിവ്യനെന്ന് സ്വയം നടിക്കുന്ന ഒരാൾ മണ്ണിട്ട് നികത്തിയതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. വര്‍ഷങ്ങളായി മഴവെള്ളം ഒഴുകി പോകുന്ന തോടാണ് മണ്ണിട്ട് നികത്തിയത്. ഇതോടെ മഴവെള്ളം പ്രദേശത്തു കെട്ടികിടക്കാൻ തുടങ്ങി, ഏക്കര്‍ കണക്കിന് തോട്ടവും പ്രദേശത്തെ വീടുകളും ഇപ്പോൾ വെള്ളത്തിലാണ്. മഴ മാറിയിട്ടും വെള്ളം കെട്ടികിടക്കുന്നതിനാൽ ഇവിടം കൊതുക് വളർത്തൽ കേന്ദ്രമായി മാറി.

പോരാത്തതിന് അസഹനീയമായ ദുര്‍ഗന്ധമാണ് പ്രദേശത്ത് പടർന്നിരിക്കുന്നത്. ( ഈ പ്രദേശം സന്ദര്‍ശിച്ചാല്‍ ഇക്കാര്യം ആർക്കും എളുപ്പം ബോദ്ധ്യപെടും), ഇതുമൂലം പ്രദേശവാസികൾ മുഴുവനും ദുരിതത്തിലാണ്. ദിവസങ്ങളേറെയായി മഴവെള്ളം കെട്ടികിടക്കുന്നതിനാൽ പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയും നശിക്കുകയാണ്. മാത്രമല്ല ഇവിടെ കെട്ടികിടക്കുന്ന വെള്ളത്തില്‍ ലക്ഷോപലക്ഷം കൊതുകുകളാണ് മുട്ടയിട്ട് വളരുന്നത്.

ഇത് കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും, പകർച്ചവ്യാധി രോഗങ്ങൾ പടരാതിരിക്കാൻ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്. ഓരോ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടതും, കൊതുക് വളരുന്നില്ലന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്, എന്നിരിക്കെ ഈ നാട്ടുകാരുടെ ദുരിതം അധികാരികൾ ചെവികൊണ്ടില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ ആരോഗ്യ വകുപ്പിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട ജില്ലാ കളക്ടർ സ്ഥല ഉടമക്ക് അന്ത്യ ശാസന നൽകി എന്നാണ് വിവരം. 
മുമ്പ് നെൽകൃഷി നടത്തിയിരുന്ന വയൽ ആയിരകണക്കിന് ലോഡ് മണ്ണിട്ടാണ് നികത്തിയത്. തോട് മൂടരുത് എന്ന് പ്രദേശവാസികള്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് വക വെക്കാതെ മഴവെള്ളം ഒലിച്ചുപോകുന്ന തോട് ഇയാൾ നികത്തുകയായിരുന്നു. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ലന്നാണ് പ്രദേശവാസികൾ പറയുന്നത്. അന്ന് നടപടിസ്വീകരിച്ചിരുന്നെങ്കിൽ ഇന്ന് ഈ ദുരിതം ഉണ്ടാകുമായിരുന്നില്ല, ഇനിയെങ്കിലും ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തു രണ്ടുപേരിൽ ഡെങ്കിപ്പനി സ്ത്രീകരിച്ചതായാണ് സൂചന.