നാടിന് മാതൃകയായി സമൂഹ വിവാഹവും ധനസഹായവും.

  • Post category:local news
  • Reading time:2 mins read
You are currently viewing നാടിന് മാതൃകയായി സമൂഹ വിവാഹവും ധനസഹായവും.

കാസര്‍കോട്: വിവാഹം എന്നും എവിടെയും ഏറ്റവും പവിത്രമായ കാര്യമാണ്. ലാളിത്യമായിരിക്കണം അതിന്റെ മുഖമുദ്രയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പരിശുദ്ധമായ ഈ ചടങ്ങിനെ വിവാഹ മാമാങ്കമാക്കി മാറ്റി പൊങ്ങച്ചവും പണകൊഴുപ്പും പ്രദര്‍ശിപ്പിച്ച് സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറാന്‍ ശ്രമിക്കുന്നവര്‍ നമ്മുടെ ഇടയില്‍ നിരവധിയുണ്ട്. അഞ്ഞൂറുകോടിയോളം രൂപ ചെലവില്‍ അരങ്ങേറിയ വിവാഹ മാമാങ്കത്തിലൂടെ കര്‍ണാടക മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ജനാര്‍ദ്ദന റെഢിയും അതിന് സമാനമായി തിരുവനന്തപുരത്തെ ബിജുരമേശും മുന്‍ മന്ത്രി അടൂര്‍ പ്രകാശും ഇതിന് ഉത്തമ ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുണ്ട്.
സമ്പത്തിക ശേഷിയില്ലാത്ത പെണ്‍കൊടികള്‍ പുര നിറഞ്ഞ് നില്‍ക്കുമ്പോള്‍ രക്ഷിതാക്കളുടെ ഉള്ളുരുകുക സ്വാഭാവികം. അത്തരം സങ്കട വേളകളില്‍ കാരുണ്യ ഹസ്തം നീട്ടി ഉദാരമതികളും സുമനസ്സുകളും വന്നണയുമ്പോള്‍ അവരെ നാം ദൈവദൂതന്‍മാരായി കണക്കാക്കുന്നതില്‍ തെറ്റില്ല. കാസര്‍കോട്ട് നടന്ന സമൂഹവിവാഹ ചടങ്ങ് അതിന്റെ പ്രകാശം തുളുമ്പുന്ന നേര്‍ചിത്രവും സാക്ഷ്യ പത്രവുമായി നമ്മെ ആഹ്ലാദിപ്പിക്കുന്നു. കാസര്‍കോട്ടെ പൊതു സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി സ്‌നേഹാര്‍ദ്രമായ ഈ സമൂഹ വിവാഹ ചടങ്ങ്. ഒപ്പം രോഗാതുരരുടെ കൈകളില്‍ അര്‍പ്പിച്ച സഹായധന വിതരണവും അഭിനന്ദനാര്‍ഹമായി. വിവാഹ ചടങ്ങിനോടനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണവും വിതരണം ചെയ്തു. സമൂഹ വിവാഹമെന്ന സങ്കല്‍പ്പത്തിന്റെ മഹിമയും നന്മയും ഉയര്‍ത്തിപ്പിടിച്ച് കാസര്‍കോട്ടെ ‘സിറ്റിഗോള്‍ഡ്’ എന്ന സ്ഥാപനമാണ് ഈ പുണ്യ പ്രവര്‍ത്തിയിലൂടെ മാതൃകയായത്. പരശ്ശതം ആളുകള്‍ സാക്ഷ്യം വഹിച്ച ചടങ്ങില്‍ വെച്ച് ഗുരുതരമായി രോഗം ബാധിച്ച് ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ പാവങ്ങള്‍ക്കുള്ള ധനസഹായവും കൈമാറി.
പത്ത് പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും ചെലവും നല്‍കിയ ചടങ്ങില്‍ തെരഞ്ഞെടുത്ത 22 രോഗികള്‍ക്കുള്ള ധനസഹായമാണ് നല്‍കിയത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ച ഈ ജീവകാരുണ്യ പ്രവര്‍ത്തന ചടങ്ങിന്റെ മുഖ്യ കാര്‍മികത്വം വഹിച്ചു കൊണ്ട് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ ആലികുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടും വിദ്യാഭ്യാസ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മുഹമ്മദ് ആരിഫ് എന്ന യുവാവിനെ കര്‍ണ്ണാടക മന്ത്രി യു.ടി.ഖാദര്‍ ആദരിച്ചു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുള്‍ കരിം സ്വാഗതം പറഞ്ഞു. പൊതുജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട നിരവധി പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
0Shares