നാടിന് നാണക്കേടായ പി ഡബ്ല്യു.ഡി. ഓഫീസിന് എതിരെ ജനരോഷം ആളിപ്പടരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing നാടിന് നാണക്കേടായ പി ഡബ്ല്യു.ഡി. ഓഫീസിന് എതിരെ ജനരോഷം ആളിപ്പടരുന്നു.

കാസര്‍കോട്: ബദിയടുക്ക പി ഡബ്ല്യു.ഡി. സെക്ക്ഷന്‍ ഓഫീസില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ചെര്‍ക്കള – കല്ലടുക്ക, ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപ്പദവ്, മുള്ളേരിയ-നാട്ടക്കല്‍-ആര്‍ളപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് അധികൃതരെ കണ്ട് നിവേദനം നല്‍കാന്‍ ഓഫീസിലെത്തിയവര്‍ക്കുണ്ടായ അനുഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കാന്‍ പോന്നതാണ്.


അഴിമതിയുടെ കറപുരണ്ട സര്‍ക്കാര്‍ ഓഫീസ് എന്ന് കുപ്രസിദ്ധി നേടിയ പി ഡബ്ല്യു.ഡി. ഓഫീസ് അക്ഷരാര്‍ത്ഥത്തില്‍ കുത്തഴിഞ്ഞ പുസ്തകത്തെയാണ് അനുസ്മരിപ്പിച്ചത്. പ്രശസ്ത കവി ചെമ്മനം ചാക്കോവിന്റെ കവിതയില്‍ പറഞ്ഞപോലെ ‘ആളില്ലാ കസേരകളാല്‍’ നിബിഡമായ ഓഫീസിന്റെ അകത്തളം. അടുക്കും ചിട്ടയുമില്ലാത്ത മുറികള്‍. നാഥനില്ലാ കളരിയെ പോലെ തോന്നിപ്പിക്കുന്ന അന്തരീക്ഷം. കുന്നുകൂടി കിടക്കുന്ന ഫയലുകളും കടലാസുകളും. അതിനെല്ലാമുപരി ഈ ഓഫീസിനെ ചൂഴ്ന്നു നില്‍ക്കുന്നത് ഒരു മദ്യശാലയുടെ പരിവേഷമാണ്!. മുറിക്കുള്ളില്‍ അട്ടിയട്ടിയായി കൂട്ടികിടക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികള്‍! വൃത്തിയും വെടിപ്പുമില്ലാത്ത ഓഫീസിന്റെ ദൃശ്യം ആരിലും അറപ്പും വെറുപ്പും ഉളവാക്കും.

 

ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത ഈ ഓഫീസിന്റെ മറ്റൊരു ചിത്രം ഇപ്രകാരമാണ്- നിലവില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നവര്‍ ആറ് പേര്‍. അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒന്ന് ,ഓവര്‍സിയര്‍ മൂന്ന് ,ക്ലര്‍ക്ക് ഒന്ന് , പ്യൂണ്‍ ഒന്ന് എന്നാല്‍ ഇവരെല്ലാം മുങ്ങല്‍ വിദഗ്ദ്ധരാണെന്നാണ് നാട്ടുകാരുടെ പരാതി. നിലവില്‍ മഞ്ചേശ്വരത്തെ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കാണ് ഓഫീസിന്റെ കാര്യ നിര്‍വ്വഹണ ചുമതല. എന്നാല്‍ അദ്ദേഹം പതിവായി എത്താറില്ലെന്നാണ് അറിഞ്ഞത്. ജനകീയ സമരസമിതിക്കാര്‍ പി.ഡബ്ല്യു.ഡി. ഓഫീസിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിരേറ്റത് നിശ്ശബ്ദ ശൂന്യതയാണ്.

സ്ഥിതിഗതികള്‍ വഷളാകുമെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി. അതിനിടയില്‍ എവിടെയോ മുങ്ങി നടക്കുകയായിരുന്ന ഓവര്‍സിയര്‍ ഓഫീസില്‍ എത്തിച്ചേര്‍ന്നു. സമരസമിതിക്കാര്‍ നിവേദനം ഓവര്‍സിയര്‍ക്ക് കൈമാറി. എന്തായാലും വരും ദിനങ്ങളില്‍ പി ഡബ്ല്യു.ഡി. ഓഫീസിന്റെ പിടിപ്പുകേടിനും ഉത്തരാവാദിത്വബോധമില്ലാത്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താനാണ് ജനകീയ സമര സമിതിയുടെ തീരുമാനം.

0Shares