
കാസർകോട് : കാസർകോട് നഗരസഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ ഫലം പുറത്ത് വന്നു. മുസ്ലിം ലീഗ് പൂർണ്ണ വിശ്വാസമർപ്പിച്ച ഹൊന്നമൂലയില്‍ ലീഗിൻ്റെ തട്ടകം നഷ്ടമായി. ലീഗ് സ്ഥാനാർഥി അബ്ദുല്‍ മുനീറിനെ പരാജയപ്പെടുത്തി സ്വതന്ത്രനായി മത്സരിച്ച കമ്പ്യൂട്ടർ മൊയ്തീൻ ഉജ്വല വിജയം നേടി. 21ാം വാര്‍ഡായ ഹൊന്നമൂലയില്‍ 141 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥി വിജയിച്ചത്. മൊയ്തീന് 492 വോട്ടും മുനീറിന് 351 വോട്ടുമാണ് ലഭിച്ചത്. മറ്റു സ്വതന്ത്രര്‍ക്ക് യഥാക്രമം 1, 2 വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണ 56 വോട്ടിന് പരാജയപ്പെട്ട മൊയ്തീന് ഇത്തവണത്തെ വിജയം നിർണായകമായിരുന്നു.
22ാം വാര്‍ഡായ തെരുവത്ത് മുസ്ലിം ലീഗ് നിലനിര്‍ത്തി. 175 വോട്ടിനാണ് എല്‍.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ബിന്ദുവിനെ പരാജയപ്പെടുത്തി മുസ്ലിം ലീഗിലെ റീത്ത വിജയിച്ചത്. റീത്തയ്ക്ക് 321 വോട്ടും ബിന്ദുവിന് 146 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വെറും മൂന്ന് വോട്ടാണ് നേടാനായത്.
