കാസര്‍കോട്: ‘പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, നല്ലവരായ നാട്ടുകാരെ, കലാകായിക പ്രേമികളെ…ഇതാ സൈക്കിള്‍ യജ്ഞം തുടങ്ങുകയാണ്…’ ഒരുകാലത്ത് നാട്ടിന്‍ പുറത്തെ ആഘോഷങ്ങളിലൊന്നായിരുന്നു സൈക്കിള്‍ യജ്ഞം.
കണ്ണഞ്ചിപ്പിക്കുന്ന സെക്കിള്‍ അഭ്യാസ പ്രകടനങ്ങളും മാന്ത്രികങ്ങളുമായി കുരുന്നുകളെയും സ്ത്രീകളെയും ഏറെ ആകര്‍ഷിച്ച കലാവിരുന്നായിരുന്നു അത്. എഴുപതുകളില്‍ നാട്ടിലെ ഏറ്റവും വലിയ വിനോദപരിപാടി സൈക്കിള്‍ യജ്ഞമായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രകടനത്തില്‍ ആട്ടവും പാട്ടും കണ്‍കെട്ടും ഒക്കെ വിഭവങ്ങളാണ്.
പ്രകടനം കണ്ടു മനസ് നിറഞ്ഞ കാണികള്‍ നല്‍കുന്ന നാണയ തുട്ടുകളും പ്രോത്സാഹനാവുമാണ് ഇവരുടെ വരുമാനം. പത്തുവര്‍ഷള്‍ക്ക് മുമ്പ് വരെ നാട്ടിന്‍ പുറത്തു സജീവമായിരുന്ന സൈക്കിള്‍ യജ്ഞത്തിന് പുനര്‍ജനി. മൈസൂര്‍ ചാമുണ്ഡേശ്വരി സ്വദേശി സുരേഷും സംഘവുമാണ് നാടിനു ആവേശം പകരാന്‍ കഴിഞ്ഞ മൂന്നു ദിവസമായി ഉദിനൂരില്‍ ഗംഭീര പ്രകടനം കാഴ്ചവച്ചത്. മൂന്നു ദിവസങ്ങളിലും വൈകുന്നേരം കൃത്യം 7:30 മുതല്‍ പ്രകടനം ആരംഭിച്ചു. ഏറെ ശ്രദ്ധേയമായ കന്നഡ ഭക്തിഗാനങ്ങള്‍ക്കും ചലച്ചിത്ര ഗാനങ്ങള്‍ക്കും നൃത്ത ചുവടുകളുമായി കലാകാരന്മാര്‍ അരങ്ങു തകര്‍ത്തു. പിന്നീട് സൈക്കിള്‍ യജ്ഞം ആരംഭിക്കുകയായി. ഒരു ചെറിയ സ്റ്റേജും സ്റ്റേജിനു മുന്നിലായി മൈക്കു നാട്ടിയ കാലിനു ചുറ്റും യജ്ഞക്കാരന്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിരുന്നു.
‘ബെല്ലും ബ്രേക്കും’ ഇല്ലാത്ത സൈക്കിളില്‍ ‘ലക്കും ലഗാനുമില്ലാത്ത ‘ കായിക പ്രകടനങ്ങള്‍. കറങ്ങിക്കൊണ്ടിരിക്കുന്ന സൈക്കിളിലൂടെ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് സര്‍ക്കസ്‌കാരന്റെ മെയ് വഴക്കത്തോടെ തലങ്ങും വിലങ്ങും നടത്തിയ അഭ്യാസ പ്രകടനങ്ങള്‍. ട്യൂബ് ലൈറ്റ് അടിച്ച് തകര്‍ക്കുന്നു…. ഒടുവില്‍ ലേലവും സമ്മാന മല്‍സരത്തോടെ അന്നത്തെ കലാപരിപാടിക്ക് അവസാനം കുറിക്കുന്നു. കാലിക്കടവ് മിനി ഇന്‍ഡസ്ട്രിയല്‍ മൈതാനത്തും ഇപ്പോള്‍ സൈക്കിള്‍ യജ്ഞമെത്തിക്കഴിഞ്ഞു.
നഷ്ടപ്പെട്ട ഗ്രാമ സൗഭാഗ്യത്തിൻ്റെ ഓര്‍മകളുമായി സൈക്കിള്‍ യജ്ഞം