കാസര്‍കോട്: വിവിധ കാരണങ്ങളാല്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ പോയവരെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ നവകേരളീയം കുടിശിക നിവാരണം 2018 ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതിയ്ക്ക് കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ തുടക്കമായി. ബാങ്കിന്റെ കുടിശ്ശിക പരമാവധി തീര്‍ക്കുന്നതിനും വായ്പക്കാര്‍ക്ക് കടബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതുപ്രകാരം ഫെബ്രുവരി 15 നും മാര്‍ച്ച് 25 നുമിടയില്‍ വായ്പാ കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് ജില്ലാസഹകരണ ബാങ്ക് നിരവധി ഇളവുകള്‍ നല്‍കും. സ്വര്‍ണ്ണപണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെ 2017 ഡിസംബര്‍ 31 വരെ കുടിശികയായ എല്ലാവിധ വായ്പകളും മേല്‍ പദ്ധതി പ്രകാരം ഇളവുകളോടെ അടച്ചുതീര്‍ക്കാന്‍ കഴിയും.
നിഷ്‌ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകള്‍, ആര്‍ബിട്രേഷന്‍/ എക്‌സിക്യൂഷന്‍ കേസുകള്‍ ഉള്‍പ്പെടെ കുടിശ്ശികയായ എല്ലാ വായ്പകള്‍ക്കും പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുന്നതോടൊപ്പം പലിശ ഇളവുകളും നല്‍കും. വായ്പ എടുത്തതിന് ശേഷം മരണപ്പെട്ടവര്‍, മാരകരോഗം ബാധിച്ചവര്‍, കിടപ്പ് രോഗികള്‍ എന്നിവരുടെ വായ്പ തീര്‍പ്പാക്കുന്നതിന് പ്രത്യേക ഇളവുകളും അനുവദിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടപാടുകാര്‍ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖകളുമായി ബന്ധപ്പെടണം.
നവകേരളീയം കുടിശിക നിവാരണം 2018; കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ നിരവധി ഇളവുകള്‍