
വെള്ളിയാഴ്ച വൈകിട്ടോടെ ജനസാഗരമായി കാഞ്ഞങ്ങാട് പൗരത്വ സംരക്ഷണ റാലിനടന്നു. കാഞ്ഞങ്ങാട് മേഖലാ പൗരത്വ സംരക്ഷണ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ‘നമ്മളൊന്ന്’ എന്ന മുദ്രാവാക്യവുമായി
അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച റാലി നോര്‍ത്ത് കോട്ടച്ചേരി തെക്കേപ്പുറം സമ്മേളന നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക എന്നതിലൂടെ ഇന്ത്യയ്ക്കകത്ത് മറ്റൊരു രാജ്യം സൃഷ്ടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവുണ്ടാക്കി ഭരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി, മുന്‍ എം.. പി സെബാസ്റ്റ്യന്‍ പോള്‍, കല്‍പ്പറ്റ നാരായണന്‍, എന്‍ എ നെല്ലിക്കുന്ന് എം. എല്‍. എ, നഗരസഭാ ചെയര്‍മാന്മാരായ വി. വി രമേശന്‍, പ്രൊഫ. കെ. പി ജയരാജന്‍, ബീഫാത്വിമ ഇബ്രാഹിം, എം.വി ബാലകൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബഷീര്‍ വെള്ളിക്കോത്ത്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എബ്രഹാം തോണക്കര, സി.വി ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ. സി ബാലന്‍ സ്വാഗതവും എ വി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
