കാസര്‍കോട്: മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാസര്‍കോടന്‍ വാമൊഴി സിനിമയായ ‘പുത്തന്‍പണം’ കഴിഞ്ഞ ദിവസമാണ് തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ കാസര്‍കേടന്‍ ഭാഷ ഉണ്ടെന്നറിഞ്ഞ കാസര്‍കോട്ടുകാര്‍ക്ക് ഇത് കാണാനുള്ള ആവേശമായിരുന്നു. ചിത്രത്തിലെ മമ്മൂട്ടി സാന്നിദ്ധ്യവും, സംവിധായകന്‍ രഞ്ജിത്തുമായതിനാല്‍ ഒരുപാട് പ്രതീക്ഷകളും ഉണ്ടായിരുന്നു ഇവര്‍ക്ക്. അതുകൊണ്ട് തന്നെയാണ് ആദ്യ ദിനം തന്നെ കാസര്‍കോട്ടെ തിയ്യറ്ററുകളില്‍ പുത്തന്‍പണം കാണാന്‍ യുവാക്കള്‍ ഒഴുകിയെത്തിയത്. എന്നാല്‍ സിനിമ കണ്ട് പുറത്തിറങ്ങിയ ചിലര്‍ ആവേശത്തിലായിരുന്നെങ്കിലും മറ്റുചിലര്‍ക്കുണ്ടായത് നിരാശയാണ്.
ഇതിനു കാരണം സിനിമയിലെ പതിവ് ശൈലി രഞ്ജിത്ത് ഈ സിനിമയിലും ആവര്‍ത്തിച്ചു എന്നതാണ്. പ്രേക്ഷകര്‍ക്ക് അല്‍പ്പമെങ്കിലും പ്രതീക്ഷ നല്‍കിയത് മമ്മൂട്ടി അവധരിപ്പിച്ച നിത്യാനന്ദ ഷേണായി എന്ന കഥാപാത്രവും മമ്മുക്കോയ അവതരിപ്പിച്ച ‘അൗക്കു’ എന്ന കഥാപാത്രവും, മറ്റു സഹനടന്മാരുടെ കാസര്‍കോടന്‍ ശൈലിയുമാണ്. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പണഇടപാടാണ് കഥയുടെ ഇതിവൃതം. അര്‍ദ്ധകര്‍ണാട്ടക്കക്കാരനയ കന്നട അടങ്ങിയ ശൈലിയും സംസാര രീതിയും കൈകാര്യം ചെയ്യുന്നതില്‍ മമ്മൂട്ടി കൈയ്യടി നേടുന്നുണ്ടെങ്കിലും പല സാഹചര്യത്തിലും മമ്മൂട്ടി കഥാപാത്രം നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്നു. നഷ്ട്ടപ്പെട്ട തോക്ക് വീണ്ടെടുക്കാന്‍ 8ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൂടെ(മുത്തു എന്ന കഥാപാത്രം) ചെലവഴിക്കേണ്ടി വരുന്ന രംഗങ്ങളില്‍ പലപ്പോഴും നിരാശയുണ്ടാക്കി എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ലാ പെട്രോള്‍ പമ്പില്‍ നിന്നും പണം തട്ടാന്‍ ആസുത്രണം ചെയ്യുന്ന രംഗത്തില്‍ ലോറിയുടെ ടയറിനടുത്ത് പ്രൊഡക്ഷന്‍ ടീമിലെ ആരുടെയോ സാന്നീദ്യം മനസ്സിലാവുന്നതും (അവിടെ അയാളുടെ ഷൂസ് അണിഞ്ഞ കാല്‍ കാണുന്നതും)സംവിധാനത്തിലെ അശ്രദ്ധ പ്രേക്ഷകന് പെട്ടെന്ന് ബോധ്യപ്പെടുന്നു.

കാസര്‍കോടന്‍ ഭാഷാ ശൈലിയിലൂടെ കൈയ്യടി നേടാന്‍ ഈ ചിത്രത്തിന് ആവുമെങ്കിലും സമൂഹത്തിന് വേണ്ട ഒരു നല്ല സന്ദേശം നല്‍കാന്‍ രഞ്ജിത്ത് എന്ന മികച്ച സംവിധായകന് കഴിയാതെ പോയതില്‍ സിനിമ പരാജയമാണ്. മാത്രമല്ല ചില സിനിമകളില്‍ ഉള്‍പ്പെടുത്തിയത് പോലെ കടുത്ത അശ്ലീല വാക്കുകള്‍ ഈ സിനിമയിലും ആവര്‍ത്തിച്ചതും പ്രോക്ഷകന്‍ എന്ന നിലയില്‍ അറപ്പുളവാക്കുന്നതാണ്.

കാസര്‍കോട് പ്രദേശത്തെ എല്ലാ സാഹചര്യവും ഉള്‍കൊണ്ട് ഭാഷ കൈകാര്യം ചെയ്യാന്‍ പി.വി ഷാജികുമാര്‍ നല്ല പ്രയത്‌നം നടത്തി എന്നത് ചിത്രത്തിലെ മികവ് പുലര്‍ത്തുന്നു. ചിത്രത്തിന്റെ അവസാന ഭാഗത്തെ സംഘടന രംഗവും ക്ലൈമാക്‌സും തീരെ നിരാഷപ്പെടുത്തുന്നതാണ്. എന്നാലും പുത്തന്‍പണം കാണുന്നവര്‍ക്ക് കാസര്‍കോടന്‍ ഭാഷ ഇനി മനസ്സിലാക്കാന്‍ എളുപ്പമാകും എന്നു തന്നെയാണ് ഇവര്‍ മുന്നോട്ട്‌വെക്കുന്നത.് കാസര്‍കോടന്‍ ശൈലിയില്‍ത്തന്നെ ചിത്രത്തെ കുറിച്ച് ചുരുക്കി പറഞ്ഞാല്‍ ‘മമ്മൂട്ടി ജോര്‍ ആക്കീന് നമ്മളേ ഭാസ മുണ്ടീട്ട് ഷേണായിന്റെ ഒക്കെ ഇള്ളെ അൗക്കും ജോര്‍, എല്ലാറും മൊത്തതില്‍ കല്‍ക്കീനി ബായി ബേറെ ഒന്നും ചെല്ലാനില്ലാ ,അപ്പോ ഓക്കെ അട്ത്ത പട്ത്തിന് കാണാ…. ‘