കാസര്‍കോട്: തങ്ങളുടെ വാഹനത്തിന് ഇഷ്ട നമ്പര്‍ വേണമെന്നാഗ്രഹിച്ച് പണം വാരിയെറിയുന്ന പ്രകൃതക്കാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പൊതു സമൂഹം ഒരേ സമയം അത്ഭുതപ്പെടുകയും സഹതപിക്കുകയും പരിഹസിക്കുകയും ധാര്‍മ്മിക രോഷം കൊള്ളുകയും ചെയ്യുക സ്വാഭാവികം. പുത്തന്‍ വണ്ടിക്ക് ഇഷ്ട നമ്പര്‍ കരസ്ഥമാക്കാന്‍ എത്ര ലക്ഷം രൂപ വേണമെങ്കിലും നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആളുകള്‍ കാസര്‍കോടിന് സ്വന്തമായി ഉണ്ട്. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നാണല്ലോ പഴമൊഴി? പണം കയ്യിലെടുത്ത് അമ്മാനമാടുന്ന വാഹനപ്രിയരും ഇഷ്ട നമ്പര്‍ സ്‌നേഹികളും കുറേ കാലമായി കാസര്‍കോട് ജില്ലയിലെ പൊതു സമൂഹത്തിന് പിടികിട്ടാത്ത സമസ്യ തന്നെയാണ്. നാടകമേ ഉലകം എന്നല്ലാതെ എന്തു പറയാന്‍! കഴിഞ്ഞ ദിവസം കാസര്‍കോട് ആര്‍.ടി ഓഫീസില്‍ അരങ്ങേറിയ ഒരു ഇഷ്ട നമ്പര്‍ പ്രണയിയെക്കുറിച്ച് അറിയുക.

കെഎല്‍ 14 യു2 എന്ന നമ്പരാണ് സുബൈന ഫര്‍ഹത്ത് എന്ന ഭാഗ്യവതി 10.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്!!!. 40 ലക്ഷം രൂപ വിലയുള്ള
തന്റെ വെള്ള ബെന്‍സ് കാറിനാണ് അതുവഴി പുതിയ നമ്പര്‍ നേടിയത്. പോനാല്‍ പോകട്ടും പോടാ!…കാസര്‍കോട് ആര്‍.ടി ഓഫീസില്‍ നടന്ന വാശിയേറിയ ലേലത്തിലൂടെയാണ് ആ നമ്പര്‍ കരസ്ഥമാക്കിയത്. യു സീരിസ് നമ്പറിന് കാസര്‍കോട് ആര്‍.ടി ഓഫീസില്‍ രജിസ്ട്രേഷന്‍ തുടങ്ങിയത് ജനുവരി 30നാണ്. ഈ ആഴ്ചയില്‍ മാത്രമായി 150 പേരാണ് അപേക്ഷ നല്‍കിയത്.